ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ വധ ഭീഷണി വന്നതായി ദല്‍ഹി പൊലീസ്. മൂവരെയും വധിക്കുമെന്ന തരത്തിലുള്ള രണ്ട് ഫോണ്‍ കോളുകളാണ് വന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ പിടികൂടാന്‍ പൊലീസ് ഒരു സംഘത്തെ നിയമിച്ചിട്ടുണ്ട്.
ഇന്ന് പകല്‍ 10നും 11 മണിക്കുമിടയിലാണ് ഫോണ്‍ കോള്‍ വന്നതെന്ന് പൊലീസ് അറിയിച്ചു.
‘സുധീര്‍ എന്നയാളാണ് ഫോണ്‍ ചെയ്തത്. മദ്യപിച്ചതിന് ശേഷമാണ് ഫോണ്‍ ചെയ്തതെന്നാണ് സംശയം. രാവിലെ മുതല്‍ അയാള്‍ മദ്യപിക്കുകയായിരുന്നുവെന്ന് അയാളുടെ മകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ പിതാവിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ മകനറിയില്ല. ഞങ്ങള്‍ സുധീറിനെ പിടികൂടാനുള്ള ശ്രമത്തിലാണ്.
ഞങ്ങള്‍ക്ക് രണ്ട് പി.സി.ആര്‍ കോളുകളാണ് വന്നത്. ഒന്ന് 10. 46നും മറ്റൊന്ന് 10. 54നുമായിരുന്നു. ആദ്യത്തെ ഫോണ്‍ കോളില്‍ അയാള്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കൊല്ലുമെന്നും 10 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടു.
പിന്നീട് വിളിച്ചിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വധിക്കുമെന്നും അല്ലെങ്കില്‍ 2 കോടി രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു,’ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ഹരേന്ദ്ര സിങ് പറഞ്ഞു.
തുടര്‍ന്ന് പശ്ചിമ വിഹാറില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് മനസിലാക്കിയ പൊലീസ്
ഉടനെ തന്നെ സ്റ്റേഷന്‍ ഹൗസ് ഓഫീസരെയും മറ്റ് നാല് ഓഫീസര്‍മാരെയും അവിടേക്ക് പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ അയാള്‍ വീട്ടിലില്ലെന്നാണ് പൊലീസ് പറയുന്നത്. അയാളെ ഉടനെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.