| Wednesday, 21st June 2023, 7:22 pm

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണി

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനോട് പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. 121 റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 116 പോയിന്റുമായി ഓസീസും 114 പോയിന്റുമായി ഇംഗ്ലണ്ടുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.

എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ഒന്നാം റാങ്കിന് ഭീഷണി ഉയരുന്നുണ്ട്. ആഷസിലെ ഓസീസിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ അലട്ടുന്നത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടവും ആഷസ് പരമ്പരയുടെ ഭാഗമായി എഡ്ജ്ബാസ്റ്റല്‍ നടന്ന ആവേശകരമായ മത്സരത്തിലെ വിജയവുമാണ് ഓസീസിന് മുന്‍തൂക്കം നല്‍കുന്നത്. ആഷസിലെ രണ്ടാം മത്സരമാണ് ഇന്ത്യക്ക് ഭീഷണി. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ജയിച്ചാല്‍ ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തും. ജൂണ്‍ 28 മുതലാണ് ലോര്‍ഡ്സില്‍ രണ്ടാം ആഷസ് മത്സരം നടക്കുക.

ഇന്ത്യക്ക് ഇനിയുള്ള സീരിസുകളില്‍ വിജയിക്കാനായാലേ ഒന്നാം സ്ഥാനം നിലനിര്‍ത്താനാകൂ. ഇന്ത്യയുടെ 2023 മുതല്‍ 2025 വരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സീസണ്‍ മത്സരക്രമം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ മത്സരങ്ങൾ:

വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ എവേ പരമ്പരകള്‍. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയും ഇന്ത്യന്‍ ടീം മത്സരിക്കും.

അതേസമയം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ച ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. രണ്ടാം ഇന്നിങ്സില്‍ 281 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 92.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറിയും നേടിയ ഉസ്മാന്‍ ഖവാജയാണ് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ച്. സ്‌കോര്‍: ആദ്യ ഇന്നിങ്സ്- ഇംഗ്ലണ്ട് 8ന് 393 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്സ്-273നു പുറത്ത്. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ്- 386ന് പുറത്ത്, രണ്ടാം ഇന്നിങ്സ്-8ന് 282.

Content Highlight: Threat to India’s first position in Test rankings

We use cookies to give you the best possible experience. Learn more