Kerala News
വെര്‍ച്വല്‍ അറസ്റ്റിലെന്ന് ഭീഷണി; വീട്ടമ്മയില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 30, 03:44 am
Wednesday, 30th October 2024, 9:14 am

കാക്കനാട്: വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി നിയമ വിരുദ്ധ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ നാല് കോടിയിലധികം രൂപ തട്ടിയെടുത്തു. വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്വദേശിനിയായ വീട്ടമ്മയുടെ 4,11,90,094 കോടി രൂപയാണ് തട്ടിയെടുത്തത്. ഇവരുടെ പേരില്‍ ദല്‍ഹി ഐ.സി.ഐ.സി.ഐ ബാങ്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങി നിയമവിരുദ്ധമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു തട്ടിപ്പുകാര്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്.

വീട്ടമ്മ നടത്തിയ തട്ടിപ്പ് കണ്ടെത്തിയത് സന്ദീപ് കുമാര്‍ എന്നയാളാണെന്നും പിന്നാലെ ഇയാള്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തുവെന്നുമായിരുന്നു യുവതിയെ തട്ടിപ്പുകാര്‍ ഫോണിലൂടെ ധരിപ്പിച്ചത്.

വ്യാജ അക്കൗണ്ട് വഴി മനുഷ്യക്കടത്തിനും ലഹരിക്കടത്തിനുമുള്‍പ്പെടെ പണം കൈമാറിയിട്ടുണ്ടെന്നും യുവതിയെ തട്ടിപ്പുകാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

വ്യാജ അക്കൗണ്ടല്ലാതെ മറ്റ് അക്കൗണ്ടുകളുണ്ടോ എന്നും അവ നിയമ വിരുദ്ധമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ച തട്ടിപ്പുകാര്‍ അന്വേഷണം നടക്കുന്നതിനാല്‍ അക്കൗണ്ടുകളിലെ മുഴുവന്‍ പണവും തങ്ങള്‍ക്ക് കൈമാറണമെന്ന് യുവതിയോട് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടിലെ മുഴുവന്‍ തുകയും തങ്ങള്‍ക്ക് കൈമാറിയാല്‍ കേസ് തീരുന്നതോടെ തിരിച്ചു നല്‍കുമെന്ന് വാട്‌സ് ആപ്പിലൂടെയായിരുന്നു അറിയിച്ചത്.

തുക കൈമാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വീട്ടമ്മ പണം മുഴുവന്‍ തവണകളായി അയച്ച് കൊടുക്കുകയായിരുന്നു.

ആവശ്യപ്പെട്ട പ്രകാരം പണം അയച്ച് കൊടുത്തതോടെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ഒന്നും ലഭിക്കാതിരിക്കുകയായിരുന്നു.

പിന്നാലെ യുവതി തൃക്കാക്കര പൊലീസില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയും പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്നുണ്ടായ പൊലീസ് അന്വേഷണത്തില്‍ നടന്നത് തട്ടിപ്പാണെന്ന് അറിയുന്നത്. ഫോണിലൂടെ നാല് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

Content Highlight: Threat of virtual arrest; More than four crore rupees were stolen from the housewife