| Wednesday, 20th November 2024, 7:38 pm

വ്യോമാക്രമണ ഭീഷണി; യു.എസിന് പിന്നാലെ കീവിലെ എംബസികള്‍ അടച്ചുപൂട്ടി ഇറ്റലിയും സ്പെയിനും ഗ്രീസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: വ്യോമാക്രണ ഭീഷണിയെത്തുടര്‍ന്ന് ഉക്രൈനിലെ കീവിലെ നയതന്ത്ര എംബസികള്‍ അടച്ചുപൂട്ടി യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയും സ്‌പെയിനും ഗ്രീസും. ഉക്രൈനിലെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്‍നെ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് വ്യോമാക്രമണഭീഷണിയെത്തുടര്‍ന്ന് യു.എസും കീവിലെ അവരുടെ എംബസി അടച്ച് പൂട്ടിയിരുന്നു. വ്യോമാക്രമണ സാധ്യതയെക്കുറിച്ച് പല വിവരങ്ങളും ലഭിച്ചതിനാലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചത്.

കീവില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് യു.എസ് എംബസി അടച്ചതെന്നും സസ്പില്‍നെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന് റഷ്യയുടെ പുതിയ ആണവനയവുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എംബസി അടച്ചുപൂട്ടിയതിന് പിന്നാലെ ജീവനക്കാരോട് സുരക്ഷിതമായ സ്ഥലത്തേക്ക് അഭയം പ്രാപിക്കാന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ ആക്രമണമുണ്ടാവുന്ന സാഹചര്യത്തില്‍ യു.എസ് പൗരന്മാര്‍ സുരക്ഷിത താവളങ്ങളില്‍ അഭയം പ്രാപിക്കാന്‍ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ അമേരിക്ക ഉക്രൈന് അനുമതി കൊടുത്ത സാഹചര്യത്തിലാണ് ഈ ജാഗ്രത നിര്‍ദേശം.

അതേസമയം വ്യോമാക്രമണത്തിന് പുറമെ റഷ്യയുടെ ആണവായുധ ഭീഷണിയും യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ റഷ്യയുടെ ആണവനയത്തില്‍ മാറ്റം വരുത്തിയിരുന്നു.

പുതിയ നയപ്രകാരം രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യക്ക് അനുമതി ഉണ്ട്. അതിനാല്‍ ഇനി റഷ്യക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണങ്ങള്‍ക്കും തിരിച്ചടി നല്‍കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാം.

ഉക്രൈനില്‍ നിന്നുള്ള വ്യോമാക്രമണം കടുപ്പിച്ചതോടെ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നയപ്രഖ്യാപനം ഉണ്ടാവുന്നത്. എന്നാല്‍ റഷ്യയുടെ നയമാറ്റത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയിലാണ്.

പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ജാഗ്രതയോടെയിരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ സ്വീഡനും ഡെന്മാര്‍ക്കമുള്ള  രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് കൈമാറിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Threat of Airstrikes; Following the US, Italy, Spain and Greece closed their embassies in Ukraine

We use cookies to give you the best possible experience. Learn more