national news
ഗ്യാന്‍വാപി കേസ്: വാരണാസി ജഡ്ജിക്ക് ഭീഷണിക്കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 08, 02:19 am
Wednesday, 8th June 2022, 7:49 am

വാരണാസി : വാരണാസി ജില്ലാ ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചെന്ന് പരാതി. വാരണാസി ജില്ലാ ജഡ്ജി രവി കുമാര്‍ ദിവാകറിനാണ് ഭീഷണിക്കത്ത് ലഭിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്‌ലാമിക് അഗാസ് മൂവ്‌മെന്റിലെ കാശിഫ് അഹ്മദ് സിദ്ദിഖി എന്ന വ്യക്തിയാണ് കത്ത് അയച്ചതെന്ന് രവികുമാര്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നത്തെ വിഭജിത ഇന്ത്യയില്‍ നിയമ സംവിധാനങ്ങള്‍ പോലും കാവി നിറം സ്വീകരിച്ചിരിക്കുന്നു എന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.

രജിസ്റ്റേര്‍ഡ് തപാലിലൂടെ കൈപ്പടയിലെഴുതിയ രൂപത്തിലാണ് കത്ത് ലഭിച്ചതെന്ന് ജഡ്ജി വ്യക്തമാക്കുന്നു.

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്തുന്നത് സാധാരണമായ ഒരു കാര്യമാണെന്ന ജഡ്ജിയുടെ പ്രസ്താവനയെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

‘ഗ്യാന്‍വാപി പള്ളിയില്‍ നടക്കുന്ന സര്‍വേ സാധാരണമായ ഒരു പ്രക്രിയ മാത്രമായാണ് നിങ്ങള്‍ പ്രസ്താവിച്ചത്. നിങ്ങള്‍ ഒരു വിഗ്രഹ ആരാധകനാണ്. നാളെ ചിലപ്പോള്‍ പള്ളി അമ്പലമാണെന്ന് വരെ നിങ്ങള്‍ പറഞ്ഞേക്കാം. ഒരു കാഫിറില്‍ നിന്ന്, വിഗ്രഹങ്ങളെ ആരാധിക്കുന്ന ഹിന്ദു ജഡ്ജിയില്‍ നിന്ന്, ഒരു മുസല്‍മാനും നീതി പ്രതീക്ഷിക്കാന്‍ കഴിയില്ല,’ എന്നും കത്തില്‍ എഴുതിയിരിക്കുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, പൊലീസ് ഡയറക്ടര്‍ ജനറല്‍, വാരണാസി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് രവികുമാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിച്ച പശ്ചാത്തലത്തില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെ ജഡ്ജിയുടെ സുരക്ഷയ്ക്കായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി വാരണാസി പൊലീസ് കമ്മീഷണര്‍ സതീഷ് ഗണേഷിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വരുണയുടെ കീഴിലുള്ള സംഘം കേസന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 26ന് ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജിയായ രവികുമാര്‍ ദിവാകര്‍ ഉത്തരവിട്ടിരുന്നു. സര്‍വേയില്‍ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ആരോപണവുമായി ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. കണ്ടെത്തിയത് ശിവലിംഗമല്ലെന്നും നമസ്‌കാരത്തിന് മുന്‍പായി അംഗശുദ്ധി വരുത്തുന്ന ഭാഗത്തെ ഫൗണ്ടന്‍ ആണെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഗ്യാന്‍വാപിയില്‍ നിന്നും കണ്ടെടുത്ത ശിവലിംഗം എന്ന പറയപ്പെടുന്ന നിര്‍മിതിയ്ക്ക് പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന് മുന്‍പാകെ ഏഴംഗ സംഘം പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച അല്ലെങ്കില്‍ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ രൂപീകരിച്ച് വിഷയത്തില്‍ അന്വേഷണം ആരംഭിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ഒമ്പതിനായിരിക്കും ഹരജി പരിഗണിക്കുക.

ശിവഭക്തരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഏഴ് പേരാണ് ഹരജി സമര്‍പ്പിച്ചത്.

Content Highlight: Threat letter to varanasi court judge ravi kumar diwakar in gyanvapi case, probe on the way