| Sunday, 28th February 2016, 6:45 pm

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന് വധഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി വ്യക്തഹത്യ നടത്തുകയും വധഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഫോണ്‍കോള്‍ വന്ന നമ്പറുകളും പോലീസിന് കൈമാറിയിട്ടുണ്ട്.

ന്യൂസ് അവറില്‍ സിന്ധു ദുര്‍ഗാദേവിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന തെറ്റായ സന്ദേശം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ്  ഭീഷണി സന്ദേശങ്ങള്‍ എത്തിതുടങ്ങിയത്. ദുര്‍ഗ ദേവിയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തിലാണ് ഈ വിഷയത്തില്‍ ന്യൂസ് അവറില്‍ ചര്‍ച്ച സംഘടിപ്പച്ചത്.

രണ്ടു ദിവസത്തിനിടെ ആയിരത്തിലധികം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഭീഷണിയ്ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

സിന്ധുവിന്റെ ടെലഫോണ്‍, മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയവ പരസ്യപ്പെടുത്തി ഇവളെ വെറുതെ വിടാന്‍ പാടില്ല എന്ന് സംഘപരിവാര്‍ പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണെന്നും. മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങുവെയ്ക്കാനുള്ള സംഘപരിവാറിന്റെ മൃഗീയ നീക്കത്തിന് തെളിവാണ് സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ നടത്തുന്ന കൊലവിളിയും അസഭ്യവര്‍ഷവുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more