കോഴിക്കോട്: ചലച്ചിത്ര നടന്‍ അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ പ്രസ്താവന നടത്തിയപ്പോള്‍, കറുത്ത തുണി കൊണ്ട് കണ്ണ് മറച്ച് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലെത്തിയ അലന്‍സിയറുടെ നടപടി ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.
അലന്‍സിയറെ വധിക്കുക, കണ്ണ് അടിച്ചു പൊട്ടിക്കുക തുടങ്ങിയ പ്രതികരണങ്ങളാണ് സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പ് ആയ “കാവിപ്പട”യില്‍ നിറയുന്നത്. അലന്‍സിയറുടെ ചിത്രമടക്കം “ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും?” എന്ന, ശ്രുതി അശോകന്‍ എന്ന പ്രൊഫൈലില്‍ നിന്നു വന്ന പോസ്റ്റിനു കീഴെയാണ് കൊലവിളിയും അക്രമത്തിനുള്ള ആഹ്വാനവും നിറയുന്നത്.
പോസ്റ്റിന് ആറ് മണിക്കൂറിനകം ആയിരത്തോളം ലൈക്കാണ് ലഭിച്ചത്. 260 പേര്‍ കമന്റിടുകയും ചെയ്തിട്ടുണ്ട്. ചുട്ടുകൊല്ലണം, വെട്ടിക്കൊല്ലണം, കാലും കൈയും വെട്ടും ബാക്കി വന്നാല്‍ കത്തിക്കും തുടങ്ങി അക്രമാസക്തമായ പ്രതികരണങ്ങളാണ് മിക്കതും.
കണ്ണ് കുത്തിപ്പൊട്ടിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയത്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകളിലെത്തി കണ്ണ് ചൂഴ്‌ന്നെടുക്കണമെന്നാണ് സരോജ് പാണ്ഡെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്.
ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി അലന്‍സിയര്‍ പൊലീസില്‍ പരാതി നല്‍കിയത്.
സംവിധായകന്‍ കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നേരത്തെ കാസര്‍കോട് ഒറ്റയാള്‍ പോരാട്ടവുമായും അലന്‍സിയര്‍ എത്തിയിരുന്നു.