കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര വീണ്ടും വിവാദത്തില്‍. എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ എന്നീ മുദ്രവാക്യങ്ങളുയര്‍ത്തി കൊണ്ടുള്ള യാത്രയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യമാണ് പുതിയ വിവാദത്തിന് കാരണം. സി.പി.ഐ.എം നേതാക്കളെ ശാരീരകമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളാണ് യാത്രയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിളിക്കുന്നത്.
കണ്ണൂര്‍, കുത്തുപറമ്പിലെത്തിയ യാത്രയുടെ വീഡിയോയിലാണ് കൊലവിളി നടത്തുന്ന മുദ്രാവാക്യമുള്ളത്. സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ പി.ജയരാജനെതിരെയായിരുന്നു മുദ്രാവാക്യം. ” ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ല”. എന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്റെ കൊലപാതകത്തെ കുറിച്ചും മുദ്രാവാക്യമുണ്ടായിരുന്നു. ജയകൃഷ്ണന്റെ രക്തം മണ്ണില്‍ വീണത് വെറുതായില്ലെന്നായിരുന്നു മുദ്രവാക്യം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കൊലവിളി മുദ്രാവാക്യമുള്ളത്.
സി.പി.ഐ.എം കേരളത്തില്‍ അക്രമം അഴിച്ചു വിട്ടിരിക്കുകയാണെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊല്ലുകയാണെന്നുമാണ് ബി.ജെ.പി ആരോപണം. നേരത്തെ, ചെ ഗുവേരയെ മാതൃകയാക്കിയതാണ് സി.പി.ഐ.എമ്മിനെ അക്രമികളാക്കിയതെന്ന് കുമ്മനം പറഞ്ഞിരുന്നു.
വീഡിയോ കാണാം