| Wednesday, 24th April 2013, 12:50 am

തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടെന്ന് സി.എ.ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപകമായ ഫണ്ട് തിരിമറിയും ക്രമക്കേടുമെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്.

പാര്‍ലമെന്റില്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച 2007 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പണം വകമാറി ചെലവഴിച്ചെന്നും അനുവദനീയമല്ലാത്ത ജോലികള്‍ ഏറ്റെടുത്തെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. []

ഏറ്റെടുത്ത് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത 4,070 കോടി രൂപയുടെ പദ്ധതികള്‍ ഇപ്പോഴുമുണ്ടെന്നും സിഎജി കുറ്റപ്പെടുത്തി.

അനുവദനീയമല്ലാത്ത 2,252 കോടി രൂപയുടെ പദ്ധതികളാണ് തൊഴിലുറപ്പു പദ്ധതിപ്രകാരം ഏറ്റെടുത്തത്. തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറഞ്ഞതിനു പുറമേ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പിന്നാക്കം പോയി.

പദ്ധതി നടത്തിപ്പിനായി പ്രത്യേക ജീവനക്കാരെ നിയമിക്കാത്തതിന് കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
ദാരിദ്ര്യവും തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോഗവും പരസ്പര പൂരകമല്ലെന്നും സി.എ.ജി വ്യക്തമാക്കി.

ഗ്രാമീണ ദാരിദ്ര്യത്തിന്റെ 46 ശതമാനം ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെങ്കിലും കേന്ദ്ര പദ്ധതിയുടെ 20 ശതമാനം ഫണ്ട് മാത്രമാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. 14 സംസ്ഥാനങ്ങള്‍ വാര്‍ഷിക പദ്ധതി വിഹിതമായി 1,26,961.11 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും 27,792.13 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്.

2009-10 ല്‍ 283.59 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍, 2011-12 ല്‍ സൃഷ്ടിക്കാനായത് 216.34 കോടി തൊഴില്‍ദിനങ്ങള്‍ മാത്രമാണ്.

ഗ്രാമവികസന മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയനുസരിച്ചാണു സിഎജി തൊഴിലുറപ്പു പദ്ധതിയുടെ കണക്കുകള്‍ പരിശോധിച്ചത്. 2007 മുതല്‍ 2012 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പദ്ധതി പ്രവര്‍ത്തനമാണു നിരീക്ഷിച്ചത്.

കേന്ദ്രത്തില്‍ പദ്ധതിയുടെ മേല്‍നോട്ടം വേണ്ടവിധം നടക്കുന്നില്ലെന്നും സിഎജി കുറ്റപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നിലവില്‍ വന്ന് ആറു വര്‍ഷത്തിനു ശേഷവും ഇതിനു കഴിയാത്തതിനു ന്യായീകരണമില്ല. ആകെയുണ്ടായ മേല്‍നോട്ട നടപടി കേന്ദ്ര കൗണ്‍സില്‍ അംഗങ്ങള്‍ ആറു സംസ്ഥാനങ്ങളില്‍ നടത്തിയ സന്ദര്‍ശനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതുമില്ല.

ആറ് സംസ്ഥാനങ്ങളില്‍ തൊഴിലെടുത്ത 12,455 പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ് നല്‍കിയിട്ടില്ല. കേരളം, തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനുള്ള ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ “ഗ്രാം റോസ്ഗാര്‍ സഹായകു”മാരെ നിയമിച്ചില്ല. ഒമ്പത് സംസ്ഥാനങ്ങളില്‍ നിയമിച്ചവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്.

റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിലെ കാര്യക്ഷമതയില്ലായ്മയും സിഎജിയുടെ ശ്രദ്ധയില്‍ പെട്ടു. സ്ഥിതിവിവരക്കണക്കുകളില്‍ തിരിമറി കാണിക്കാന്‍ ബോധപൂര്‍വം ശ്രമമുണ്ടാകുന്നുവെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.

2007നും 2012നുമിടയില്‍ കേരളം 349.59 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതികള്‍ ഉപേക്ഷിച്ചതായി സി.എ.ജി കണ്ടെത്തി. തിരുവനന്തപുരത്തെ എല്ലാ പഞ്ചായത്തുകളിലും ഹാജര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചതും പരിശോധനയില്‍ പിടികൂടി. കേരളത്തിലെ 21, 60,000 ദരിദ്ര കുടുംബങ്ങളില്‍ 11,86, 135 കുടുംബങ്ങളിലാണ് പദ്ധതിയെത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more