കണ്ണൂര്‍: സര്‍ക്കാര്‍ വനഭൂമിയെന്ന് അവകാശപ്പെടുന്ന തൊവരിമലയിലെ ഭൂമിയില്‍ ഹാരിസണ്‍ കമ്പനിയുടെ സാന്നിധ്യമുള്ളതിന് തെളിവുണ്ടെന്ന് തൊവരിമല സമര നേതാവ് കുഞ്ഞിക്കണാരന്‍. ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തൊവരിമലയില്‍ അന്‍പതുകളില്‍ ഹാരിസണ്‍ നിര്‍മ്മിച്ച ബംഗ്ലാവുകളില്‍ സമരകാലത്ത് തങ്ങള്‍ പ്രവേശിച്ചിരുന്നു. ആ കെട്ടിടങ്ങള്‍ക്കകത്ത് ഇപ്പോഴും വൈദ്യുതിയും വാട്ടര്‍ കണക്ഷനും ഒരു വര്‍ഷം മുമ്പത്തെ പത്രങ്ങളും വസ്ത്രങ്ങളുമെല്ലാം ഉണ്ട്. ഇവിടെ ഹാരിസണിലെ ജീവനക്കാര്‍ താമസിക്കാറുണ്ടെന്ന് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
‘നിക്ഷിപ്തവനഭൂമിയായി സര്‍ക്കാറിന്റെ കയ്യിലിരിക്കുന്ന തൊവരിമലയില്‍ ഞങ്ങള്‍ പ്രവേശിക്കുന്നത് ഏപ്രില്‍ 21 നാണ്. അന്‍പതുകളില്‍ ഹാരിസണ്‍ നിര്‍മ്മിച്ച അവിടുത്തെ ബംഗ്ലാവുകളിലേക്ക് രാത്രിയില്‍ ക്യാമ്പ് ചെയ്യാനായി ഞങ്ങള്‍ കയറിയിരുന്നു. ആ കെട്ടിടങ്ങള്‍ക്കകത്ത് ഇപ്പോഴും വൈദ്യുതിയും വാട്ടര്‍ കണക്ഷനും ഒരു വര്‍ഷം മുന്‍പത്തെ പത്രങ്ങളും അത്ര പഴയതല്ലാത്ത വസ്ത്രങ്ങളുമെല്ലാം ഉണ്ടായിരുന്നു.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇവിടെ വനംവകുപ്പ് വെച്ചുപിടിപ്പിച്ച കുരുമുളക് തോട്ടം ഹാരിസണാണ് പരിപാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ഇതേ സര്‍വേ നമ്പറില്‍പ്പെട്ട ഭൂമിയില്‍ തന്നെ വനംവകുപ്പ് വെച്ചുപിടിപ്പിച്ച കരുമുളക് തോട്ടം ഇപ്പോള്‍ പരിപാലിക്കുന്നത് ഹാരിസണ്‍ ആണെന്നും അറിയാന്‍ കഴിഞ്ഞു. സാങ്കേതികമായി സര്‍ക്കാറിന്റെ കയ്യിലിരിക്കുകയും എന്നാല്‍ ഹാരിസണ്‍ ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് തൊവരിമല ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതി.’
ഈ ഭൂമിയുടെയടക്കമുള്ള രേഖകള്‍ ഹാജരാക്കി കര്‍ണാടകയിലെ ബാങ്കില്‍ നിന്നും ഹാരിസണ്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്തിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
തൊവരിമല ഭൂമി തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അക്കാലത്ത് തന്നെ ഹാരിസണ്‍ നല്‍കിയ കേസില്‍ സമീപകാലത്ത് പല തവണ സര്‍ക്കാറിന് വേണ്ടി അഭിഭാഷകന്‍ ഹാജരായില്ല എന്നത് ഈ വിഷയത്തില്‍ കേരളസര്‍ക്കാറിനെ കൂടുതല്‍ സംശയത്തില്‍ നിര്‍ത്തുകയാണ്. ഒരു മുന്‍കാല സര്‍ക്കാര്‍, നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത ഭൂമി അതേ ശക്തികള്‍ക്ക് തന്നെ തിരികെ നല്‍കുന്ന വളരെ ഗുരുതരമായ ഭരണഘടനാ ലംഘനമാണ് ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ ഹാരിസണ്‍ പ്രവേശിക്കുമ്പോള്‍ അതിന് ഒത്താശ ചെയ്യുകയും, ഭൂരഹിതരായ ആദിവാസികള്‍ പ്രവേശിക്കുമ്പോള്‍ അവരെ ആട്ടിപ്പായിക്കുകയും ചെയ്യുക എന്നത് ഒരു തരം ഇരട്ടനീതിയാണെന്നും അദ്ദേഹം പറഞ്ഞു.