തൊവരിമല; വിജുകൃഷ്ണന് ഒരു തുറന്ന കത്ത്
FB Notification
തൊവരിമല; വിജുകൃഷ്ണന് ഒരു തുറന്ന കത്ത്
കെ. സഹദേവന്‍
Wednesday, 24th April 2019, 9:45 pm

പ്രീയപ്പെട്ട ശ്രീ വിജുകൃഷ്ണന്,
ലാല്‍സലാം സഖാവേ,
2017-18 കാലയളവില്‍ ഇന്ത്യയില്‍ നടന്ന കര്‍ഷക സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കര്‍ഷക ലോംഗ് മാര്‍ച്ചിന് നേതൃപരമായ പങ്കുവഹിച്ച വ്യക്തിയെന്ന നിലയില്‍ ഏറ്റവും പ്രിയത്തോടെയാണ് ഞാന്‍ താങ്കളെ സഖാവേ എന്ന് അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയിലെ കര്‍ഷക വിഭാഗം അനുഭവിക്കുന്ന അവഗണനയെ ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ AIKS ന്റേതടക്കമുള്ള നൂറുകണക്കായ കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

മുന്‍കാല കര്‍ഷക സമരങ്ങളില്‍ നിന്ന് ഭിന്നമായി കര്‍ഷക-കര്‍ഷകത്തൊഴിലാളി-ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഈ സമീപകാല പ്രക്ഷോഭങ്ങളില്‍ ഉയര്‍ത്താന്‍ ഈ പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ തര്‍ക്കമില്ല. ഭൂമിയുടെ കൈവശാവകാശം, ഭൂമി അന്യാധീനപ്പെടുന്നത് തടയല്‍, ആദിവാസി വനാവകാശ നടപ്പിലാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടി കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉയര്‍ത്താന്‍ സാധിച്ചുവെന്നതും ആശാവഹമായ കാര്യമാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കും കര്‍ഷക ഭൂമി തട്ടിയെടുക്കാനാവശ്യമായ രീതിയില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്തതിനെയും താങ്കളുടേതടക്കമുള്ള കര്‍ഷക സംഘടനകള്‍ ചോദ്യം ചെയ്യുകയുണ്ടായി.
ഇന്ത്യയിലെ കര്‍ഷക-തൊഴിലാളി-ആദിവാസി-ദളിത്-ന്യൂനപക്ഷ വിരുദ്ധ സര്‍ക്കാരിനെതിരെ കര്‍ഷകരോഷം ഉയര്‍ത്തുന്നതില്‍ ഈ പ്രക്ഷോങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യയിലെ വിവിധ കര്‍ഷക സമരവേദികളില്‍ ഈ കാലയളവില്‍ സന്ദര്‍ശിച്ച ഒരാളെന്ന നിലയില്‍ മോദി ഭരണത്തിനെതിരായി കര്‍ഷകരോഷം ഉയരുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

സഖാവേ,
ഞാനിപ്പോള്‍ കേരളത്തിലാണ്. ഇവിടെ വയനാട് ജില്ലയില്‍ തൊവരിമലയില്‍ സമാനമായൊരു ലോഗ് മാര്‍ച്ച് നടക്കുകയാണെന്ന റിപ്പോര്‍ട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് നൂറുകണക്കായ ആദിവാസി കുടുംബങ്ങള്‍ ഭൂമിക്ക് മേലുള്ള അവകാശമുയര്‍ത്തിക്കൊണ്ട് തൊവരിമലയിലേക്ക് കുടിയേറിയത്. കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും ഉള്‍പ്പെടുന്ന ആ ദരിദ്ര ജനതയെ ഒരുതരത്തിലുമുള്ള സംഭാഷണങ്ങള്‍ക്കും തയ്യാറാകാതെ താങ്കളുടെ തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ആട്ടിയിറക്കിയിരിക്കുകയാണ്. അവരുടെ വസ്ത്രങ്ങളും വസ്തുവഹകളും പോലീസ് ചുട്ടെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്ത് അണികളെ ഒറ്റപ്പെടുത്തുന്ന അതേ ബൂര്‍ഷ്വാ തന്ത്രം തന്നെയാണ് സഖാവേ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായ പോലീസ് സേന ചെയ്തുകൊണ്ടിരിക്കുന്നത്.
ആ ആദിവാസി കര്‍ഷകര്‍ ഇപ്പോള്‍ കല്പറ്റ കലക്ടറേറ്റിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. പോലീസ് ഭീഷണിയില്‍ ചിന്നിച്ചിതറി കാട്ടിലും മറ്റുമായി കഴിയുന്നവര്‍ വേറെയും. ഒരു നേരത്തെ വയറുനിറക്കാന്‍ പാടുപെടുന്ന ദരിദ്ര ജനവിഭാഗങ്ങളെ ലാത്തികൊണ്ട് നിഷ്‌ക്രിയരാക്കാന്‍ സാധിക്കുകയില്ലെന്ന് സഖാവ് വിജു കൃഷ്ണനോട് പറയേണ്ടതില്ലല്ലോ. കാല്‍വെള്ളയിലെ തൊലി അടര്‍ന്നു മാറിയിട്ടും ലോംഗ് മാര്‍ച്ചില്‍ ധീരമായി മുന്നോട്ടു നടന്ന ആ വൃദ്ധ സഖാവ് നമ്മെ പഠിപ്പിക്കുന്നത് മറ്റെന്താണ്.
സഖാവ് വിജുകൃഷ്ണന്‍,
നാം രണ്ടുപേരും ഒരേ ജില്ലക്കാരാണ്. ഒരേ നാട്ടുകാര്‍ തന്നെ. പയ്യന്നൂരും കരിവെള്ളൂരും തമ്മില്‍ വലിയ ദൂരമൊന്നുമില്ലല്ലോ. നമ്മുടെ ചെറുപ്പകാലത്ത് നാം കേട്ട ചില വിപ്ലവഗാനങ്ങളുണ്ട്.
‘ചിത്തിരക്കും മുരിക്കനും മുപ്പിലമ്മയ്ക്കും
സ്വത്തു സ്വന്തമാക്കുവാന്‍ തുണയ്ക്കു നിന്ന കൂട്ടരേ….’
ഈ വിപ്ലവഗാനത്തിന് ഇന്ന് ഇങ്ങനെയൊരു പാഠഭേദം വേണ്ടിവരും
‘ടാറ്റയ്ക്കും ഹാരിസണും സലിം ഗ്രൂപ്പിനും
ഭൂമി സ്വന്തമാക്കുവാന്‍ തുണയ്ക്ക് നിന്ന കൂട്ടരേ..’
ഈ പാട്ട് ഉന്നം വെക്കുന്ന ആ പഴയ ഖദര്‍ധാരികളെയല്ല. പണ്ട് ചെങ്കൊടിയേന്തി മുദ്രാവാക്യം മുഴക്കി നടന്നവരെത്തന്നെയാണ്. അവരാണിന്ന് ടാറ്റയ്ക്കും ഹാരിസണും വേണ്ടി കോടതികളില്‍ ബോധപൂര്‍വ്വം തോറ്റുകൊണ്ടിരിക്കുന്നത്. യൂസഫലിക്കും ക്വാറി മാഫിയകള്‍ക്കും വേണ്ടി വിടുപണി ചെയ്തുകൊണ്ടിരിക്കുന്നത്.
പതിനായിരക്കണക്കിന് ദളിത് കുടുംബങ്ങളെ മൂന്ന് സെന്റ് കോളനികളിലേക്ക് ഒതുക്കാന്‍ ശ്രമിക്കുന്നത്. ആദിവാസി ഭൂസമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
പ്രീയ സഖാവേ
കര്‍ഷകരുടെ മനസ്സറിഞ്ഞ, അവരുടെ വേദനകള്‍ കണ്ടറിഞ്ഞ, അവരുടെ വിപ്ലവ വീര്യം അനുഭവിച്ച താങ്കള്‍ക്ക് തൊവരിമലയിലെ ആദിവാസികളുടെ ഭൂസമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്ന പ്രത്യാശയോടെ..

 

കെ. സഹദേവന്‍
പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.