Thovarimala Land Struggle
തൊവരിമല ഭൂസമരം:എം.പി.കുഞ്ഞിക്കണാരന്‍ ജയിലില്‍ നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം ശക്തമാക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 15, 05:26 pm
Wednesday, 15th May 2019, 10:56 pm

കോഴിക്കോട്: തൊവരിമല ഭൂസമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഭൂസമരസമിതി നേതാവായ എം.പി കുഞ്ഞിക്കണാരന്‍ ജയിലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കോഴിക്കോട് നടന്ന ഐക്യദാര്‍ഢ്യ സമിതിയുടെ കണ്‍വെന്‍ഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.

പത്ത് ദിവസത്തെ നിരാഹാര സത്യാഗ്രഹം മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് പി.പി.അബൂബക്കര്‍ ജില്ലാ ആശുപത്രിയില്‍ നാരങ്ങാ നീര് നല്‍കിയാണ് അവസാനിപ്പിച്ചത്.
വയനാട് തൊവരിമലയില്‍ ആദിവാസികളും ദലിതരും ഉള്‍പ്പെടെയുള്ള ദൂരഹിതര്‍ കുടില്‍ കെട്ടി ആരംഭിച്ച സമരത്തെ തുടര്‍ന്ന് തൊവരിമലയില്‍ വെച്ചാണ് പൊലീസ്,  നേതാക്കളായ എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി മനോഹരന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോഴും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. കേസ് പരിഗണനക്കെടുത്ത ഹൈക്കോടതി ജാമ്യാപക്ഷേ മെയ് 20 ലേക്ക് മാറ്റി വെച്ചിരുന്നു.

കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മെയ് 6ന് ഭൂസമരസമിതിയുടെ കണ്‍വീനറും സി.പി.ഐ(എംഎല്‍) റെഡ്സ്റ്റാറിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ എം.പി കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

വൈത്തിരി സബ്ജയിലില്‍ നിന്നും നിരാഹാരം പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും അവിടുന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു . ജില്ലാ ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ് ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍ ഭൂസമരത്തോട് നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് തൊവരിമല ഭൂസമരത്തെ സഹായിക്കുന്നതിനുള്ള ഐക്യദാര്‍ഡ്യ സമിതി രൂപീകരിച്ചത്. ജില്ലാ തലങ്ങളില്‍ ഐക്യദാര്‍ഢ്യ സമിതികള്‍ വിളിച്ചു ചേര്‍ത്തും സമരകേന്ദ്രങ്ങള്‍ തുറന്നും ഭൂസമരം സംസ്ഥാന തലത്തില്‍ വികസിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട. ഡോ: കെ.എന്‍. അജോയ് കുമാറാണ് സംസ്ഥാന തല സമിതിയുടെ ചെയര്‍മാന്‍.

ആദ്യപടിയായി മെയ് 18ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുവാന്‍ ഐക്യദാര്‍ഡ്യ സമിതി തീരുമാനിച്ചിട്ടുണ്ട്. വയനാട് കലക്ടറേറ്റില്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിച്ച രാപ്പകല്‍ സമരം തുടരും. സമരം സംസ്ഥാന തലത്തില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ജയിലില്‍ നിന്നുള്ള നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഐക്യ ദാര്‍ഡ്യ സമിതി കുഞ്ഞിക്കണാരനോട് അഭ്യര്‍ത്ഥിച്ചത്.