| Tuesday, 14th May 2019, 7:11 pm

തൊവരിമല ഭൂസമരം: നിരാഹാരം ഒന്‍പതാം ദിവസത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തൊവരി മല ഭൂസമരം ഒന്‍പതാം ദിവസത്തിലേക്ക്. പ്രശ്‌നത്തിന് പരിഹാരം കാണാതെ പിന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്കും അടിയന്തിര ഭൂവിതരണത്തിനും സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്ന് ക്രാന്തികാരി കിസാന്‍ സഭയുടെ സെക്രട്ടറി എം. പി. കുഞ്ഞിക്കണാരന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു

‘നിരാഹാരമിരിക്കുന്നതിനാല്‍ ശരീരത്തിലെ ഷുഗര്‍ നില കുറഞ്ഞതിന്റെ പ്രശ്നങ്ങളുണ്ട്. എങ്കിലും ഈ വിഷയത്തില്‍ ഒരു പരിഹാരം കാണാതെ പിന്നോട്ട് പോകാന്‍ സാധിക്കില്ല. ഞാന്‍ മാത്രമല്ല, സമരപ്പന്തലിലും സഖാക്കള്‍ നിരാഹാരമിരിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്കും അടിയന്തിര ഭൂവിതരണത്തിനും സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. എം. പി. കുഞ്ഞിക്കണാരന്‍ പറഞ്ഞു.

വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

ഇക്കഴിഞ്ഞ 21-ാം തിയതിയായിരുന്നു സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയവര്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.

തൊവരിമലയില്‍ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന ഭൂരഹിതര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചയ്ക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് സമരസമിതി ആരോപിച്ചു.

സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേന്ദ്രസമിതി അംഗം എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപറ്റ തുടങ്ങിവയവരടക്കം ഏഴോളം പേരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ ഇപ്പോഴുള്ളത് ഇടതുപക്ഷസര്‍ക്കാര്‍ ആണെന്ന് പറയാനാവില്ലെന്നും ഇടതുപക്ഷമൂല്യങ്ങള്‍ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഭൂരഹിതരായ ആദിവാസികളോട് അവര്‍ക്ക് ഈ ക്രൂരത തുടരാനാവില്ലെന്നും എം. പി. കുഞ്ഞിക്കണാരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more