കണ്ണൂര്‍: തൊവരി മല ഭൂസമരം ഒന്‍പതാം ദിവസത്തിലേക്ക്. പ്രശ്‌നത്തിന് പരിഹാരം കാണാതെ പിന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്കും അടിയന്തിര ഭൂവിതരണത്തിനും സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്ന് ക്രാന്തികാരി കിസാന്‍ സഭയുടെ സെക്രട്ടറി എം. പി. കുഞ്ഞിക്കണാരന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു
‘നിരാഹാരമിരിക്കുന്നതിനാല്‍ ശരീരത്തിലെ ഷുഗര്‍ നില കുറഞ്ഞതിന്റെ പ്രശ്നങ്ങളുണ്ട്. എങ്കിലും ഈ വിഷയത്തില്‍ ഒരു പരിഹാരം കാണാതെ പിന്നോട്ട് പോകാന്‍ സാധിക്കില്ല. ഞാന്‍ മാത്രമല്ല, സമരപ്പന്തലിലും സഖാക്കള്‍ നിരാഹാരമിരിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്കും അടിയന്തിര ഭൂവിതരണത്തിനും സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. എം. പി. കുഞ്ഞിക്കണാരന്‍ പറഞ്ഞു.
വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.