| Wednesday, 24th April 2019, 10:36 am

തൊവരിമല ഭൂസമരം; ചര്‍ച്ചയ്‌ക്കെന്ന വ്യാജേന നേതാക്കളെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: തൊവരിമലയില്‍ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന ഭൂരഹിതര്‍ക്കെതിരെ പൊലീസ് നടപടിയുമായി സര്‍ക്കാര്‍. സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചയ്‌ക്കെന്ന് വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റ് ചെയ്യുകയായിരുന്നു.

സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേന്ദ്രസമിതി അംഗം എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപറ്റ തുടങ്ങിവയവരടക്കം ഏഴോളം പേരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

നേതാക്കളെ അറസ്റ്റ് ചെയ്യുകയും സമരം ചെയ്യുന്ന ആദിവാസികളടക്കമുള്ളവരെ സമരഭൂമിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ സംസ്ഥാന സമിതി അംഗം പി.എം ജോര്‍ജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സമരത്തിന് നേതൃത്വം നല്‍കിയവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരം ചെയ്യുന്ന ആദിവാസികളടക്കമുള്ളവരെ സമരഭൂമിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അവരെ അറസ്റ്റ് ചെയ്യില്ലെന്നും എന്നാല്‍ സമരഭൂമിയില്‍ നിന്ന് പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ട്’

നേതാക്കളെ സമരസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നാളെ രാവിലെ ചര്‍ച്ച ചെയ്യണമെന്നും അതിനുള്ള ഏര്‍പ്പാട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചെയ്യുമെന്നും ഇന്നലെ പറഞ്ഞിരുന്നെന്നും ചര്‍ച്ചയുടെ പേരിലാണ് സമരഭൂമിയില്‍ നിന്ന് ഇവരെ പിടിച്ച് മാറ്റുന്നതെന്നും പി.എം ജോര്‍ജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കളക്ടര്‍ എത്തിച്ചേരുകയും ചര്‍ച്ച നടത്തുകയും ചെയ്യുമെന്ന് അറിയിക്കുകയും എന്നാല്‍ പിന്നീട് അതിന് മുന്‍പ് അറസ്റ്റ് അടക്കമുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുകയുമാണ് ചെയ്തതെന്ന് സമരസമിതി നേതാവ് കെ.വി പ്രകാശ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ജനകീയസമരങ്ങളോട് ഭരണകൂടം ഈ നിലപാടാണ് സ്വീകരിക്കുകയെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥലത്ത് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമടക്കം വന്‍ സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

ഇക്കഴിഞ്ഞ 21-ാം തിയതിയായിരുന്നു സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയവര്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more