മൂന്ന് നാല് ജോഡി വസ്ത്രങ്ങളും കുറച്ച് ഭക്ഷണസാധനങ്ങളും ഏതാനും പാത്രങ്ങളും ഒരു ഭാണ്ഡക്കെട്ടിലാക്കി ഭാര്യ ജാനുവിനോടൊപ്പം പെരുമ്പാടിക്കുന്ന് കോളനിയിലെ ഒറ്റമുറികുടിലില്‍ നിന്നും തൊവരിമലയിലെ സമരഭൂമിയിലേക്ക് പുറപ്പെടുമ്പോള്‍ വെളിയന്‍ തന്റെ മകനോട് പറഞ്ഞു. ‘മോനേ… ആരുടെയും ഔദാര്യത്തിലല്ലാതെ സ്വസ്ഥമായി കിടന്നുറങ്ങാന്‍ ഒരു തുണ്ട് ഭൂമി നേടിയെടുത്തേ ഞങ്ങള്‍ തിരിച്ചുവരൂ…’ സമരമാരംഭിച്ചതിന്റെ അഞ്ചാം ദിവസം തൊവരിമലഭൂമിയില്‍ നിന്നും പോലീസുകാരാല്‍ ബലപ്രയോഗത്തിലൂടെ ആട്ടിപ്പായിക്കപ്പെട്ടിട്ടും വെളിയനും സംഘവും വീടുകളിലേക്ക് തിരിച്ചുപോയില്ല. ജില്ലാഭരണകേന്ദ്രമായ കല്‍പ്പറ്റ കളക്ടറേറ്റിന് മുന്നില്‍ അവര്‍ അനിശ്ചിതകാലത്തേക്ക് സമരമിരുന്നു.
സമരമാരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ഈ കുടുംബങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. സമര നേതാക്കളെ വ്യാജ കേസ്സുകളില്‍ കുടുക്കിയും ജയിലില്‍ അടച്ചും, ശേഷം ജാമ്യ വ്യവസ്ഥയില്‍, ജില്ലയില്‍ തന്നെ പ്രവേശിക്കുന്നത് വിലക്കിയും സമരത്തെ ഇല്ലാതാക്കാനുള്ള സകല ശ്രമങ്ങളും ഭരണകൂടം നടത്തിവരുന്നുണ്ട്. പോയ കാലങ്ങളില്‍ മണ്ണിന് വേണ്ടി അനേകം സമരങ്ങള്‍ നടത്തിയിട്ടും ദുരിതങ്ങളല്ലാതെ മറ്റൊരു പ്രയോജനവും നേടിയിട്ടില്ലാത്ത വയനാട്ടിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ വെയിലും മഴയുമേറ്റ്, ചൂടും തണുപ്പും സഹിച്ച് ദേശീയപാതയോരത്തെ സമരപ്പന്തലില്‍ രാപ്പകല്‍ കഴിച്ച് കൂട്ടുകയാണ്.
മറ്റൊരു ഗതിയുമില്ലാത്തതിനാലാണ് ഞങ്ങള്‍ സമരത്തിന് മുതിര്‍ന്നത്. രണ്ട് വര്‍ഷം മുമ്പാണ് എന്റെ വിവാഹം നടന്നത്. അമ്മയും അച്ഛനും മൂന്ന് സദോഹരിമാരുമുള്ള എന്റെ ഒറ്റമുറി വീട്ടിലേക്ക് ഭാര്യയെയും കൂടി കൂട്ടി കൊണ്ടുപോകാനുള്ള സ്ഥലമില്ലാത്തതിനാല്‍ ഭാര്യ ഇപ്പോഴും അവളുടെ വീട്ടില്‍ തന്നെയാണ് താമസം. ആ വീട്ടിലും നിറയെ ആളുകളായതിനാല്‍ എനിക്ക് അവിടെ ചെന്ന് താമസിക്കാന്‍ കഴിയുന്ന സാഹചര്യവും ഇല്ല. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഒരു ദിവസം പോലും ഞങ്ങള്‍ക്ക് ഒരിടത്ത് സ്വസ്ഥവും സമാധാനവുമായി ഒരുമിച്ച് അന്തിയുറങ്ങാന്‍ സാധിച്ചിട്ടില്ല. ഒരു തുണ്ട് ഭൂമി എവിടെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എത്ര ചെറുതായാലും ഒരു ഷെഡ് എങ്കിലും വെച്ച് കഴിയാമായിരുന്നു. കല്പറ്റ പിണങ്ങോട് കോളനിയിലെ ധനീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
തൊവരിമല ഭൂമിയില്‍ നടന്ന സമരം
1970 ല്‍ അച്ചുത മേനോന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും തിരിച്ചുപിടിച്ച തൊവരിമലയിലെ നൂറില്‍ പരം ഹെക്ടര്‍ വരുന്ന മിച്ചഭുമിയിലാണ് ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്. സി.പി.ഐ (എംഎല്‍) റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭ യുടേയും (അകഗഗട) ആദിവാസി ഭാരത് മഹാസഭ (അആങ) യുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി സമരം പ്രഖ്യാപിച്ചത്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ തൊവരിമല ഭൂമിയില്‍ പ്രവേശിക്കുകയും കുടിലുകള്‍ കെട്ടി അവകാശം സ്ഥാപിക്കുകയും ചെയ്തു.
ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, ആദിവാസി ദളിത് വിഭാഗങ്ങളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും അടിയന്തിരമായി കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഭൂസമരത്തിന് തുടക്കം കുറിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുമ്പായിരുന്നു തൊവരിമലഭൂമിയില്‍ ആദിവാസികള്‍ പ്രവേശിച്ചതും സമരപ്രഖ്യാപനം നടത്തിയതും. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം പുലര്‍ച്ചെ ഒരു വലിയ പോലീസ് സന്നാഹം സമരഭൂമിയിലെത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ബാക്കിയുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് സമരസ്ഥലത്ത് നിന്നും ആട്ടിയോടിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ ജാമ്യം പോലും നിഷേധിച്ച് ആഴ്ചകളോളം ജയിലിലടയ്ക്കുകയുമുണ്ടായി.
അടിസ്ഥാന ജനത നടത്തിയ വര്‍ഗ സമരത്തിലധിഷ്ഠിതമായ ഒരു ഇടതുപക്ഷ സമരത്തോട് ഇവിടുത്തെ ഇടതുപക്ഷ ഭരണകൂടം തുടരുന്ന അടിച്ചമല്‍ സമീപനത്തെക്കുറിച്ച് സമരനേതാവ് എം.പി കുഞ്ഞിക്കണാരന്‍ പ്രതികരിക്കുന്നത് ഇങ്ങനെ. ”കേരളത്തില്‍ ഇപ്പോഴുള്ളത് ഇടതുപക്ഷസര്‍ക്കാര്‍ ആണെന്ന് പറയാനാവില്ല. ഇടതുപക്ഷമൂല്യങ്ങള്‍ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഭൂരഹിതരായ ആദിവാസികളോട് അവര്‍ക്ക് ഈ ക്രൂരത തുടരാനാവില്ല. തൊവരിമലയിലൂടെ ഞങ്ങളുയര്‍ത്തിയത് 1955 -56 കാലങ്ങളില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ചതും 1957 ല്‍ കയ്യൊഴിഞ്ഞതുമായ ഒരു മുദ്രാവാക്യമാണ്. 1956 ല്‍ തൃശ്ശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആവശ്യം വിദേശ കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുന്ന തോട്ടങ്ങള്‍ ദേശസാത്കരിക്കുക എന്നതായിരുന്നു. എന്നാല്‍ 57 ല്‍ അധികാരത്തില്‍ വന്ന ഇം.എം.എസ് സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ പൂര്‍ണമായും കയ്യൊഴിഞ്ഞു എന്ന് മാത്രമല്ല, ഭൂപരിഷ്‌കരണത്തില്‍ നിന്ന് പോലും ഈ തോട്ടങ്ങളെ മാറ്റിനിര്‍ത്തുകയായിരുന്നു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കയ്യടക്കി വെച്ചിരുന്ന തോട്ടം മേഖലയെ സ്പര്‍ശിക്കാതെ ഭൂപരിഷ്‌കരണം സാധ്യമാക്കിയതിലൂടെ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തത്. ഭൂക്രമക്കേടുകളുടെയും കയ്യേറ്റങ്ങളുടെയും ഒരു വലിയ ലോകമായി എസ്റ്റേറ്റുകള്‍ മാറിയതില്‍ ആ അര്‍ത്ഥത്തില്‍ ഇ.എം.എസ് സര്‍ക്കാറിന് വലിയ ഉത്തരവാദിത്വമുണ്ട്. തോട്ടങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നതിലും വലിയ വീഴ്ച അവര്‍ വരുത്തി. തൊവരിമല സമരത്തിലൂടെ ഇന്ന് ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത് കേരളത്തില്‍ നടപ്പാകേണ്ട സമഗ്രമായ ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകതയാണ്. അഞ്ച് ലക്ഷത്തി ഇരുപത്തിയയ്യായിരം ഏക്കര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കേരളത്തിലെ സ്വകാര്യ തോട്ടം കുത്തകകള്‍ കയ്യടക്കിവെച്ചിരിക്കുന്നു എന്നാണ് രാജ്യമാണിക്യം റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്.ആദിവാസി ദളിത് ജനതയുെട ഭൂരാഹിത്യപ്രശ്നങ്ങള്‍ അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഭൂമി പിടിച്ചെടുത്ത് അവര്‍ക്ക് വിതരണം ചെയ്യാനുള്ള ആര്‍ജ്ജവമാണ് ഒരു ഇടതുപക്ഷ ഭരണകൂടം കാണിക്കേണ്ടത്. അല്ലാതെ അവരില്‍ നിന്നുയര്‍ന്നുവരുന്ന സമരങ്ങളെ അധികാരമുഷ്‌കില്‍ അടിച്ചമര്‍ത്തുകയല്ല.’
കേരളത്തിലെ സ്വകാര്യ തോട്ടം കുത്തകള്‍ നിയമവിരുദ്ധമായി കയ്യടക്കിവെച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയെക്കുറിച്ചുള്ള സര്‍ക്കാര്‍ തല അന്വേഷണറിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും അവയെ മുഖവിലയ്‌ക്കെടുക്കാതെ തോട്ടം കുത്തകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രീതിയിലാണ് സര്‍ക്കാര്‍ ഇടപെടലുകള്‍. ”ദളിത് – ആദിവാസി ജന വിഭാഗങ്ങള്‍, ദരിദ്രരും ഭൂരഹിതരുമായ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി നമ്മുടെ ജനസംഖ്യയിലെ സിംഹഭാഗം ജനങ്ങളും വാസയോഗ്യമായ പാര്‍പ്പിടങ്ങളോ കൃഷി ചെയ്യാന്‍ ഭൂമിയോ ഇല്ലാത്തവരാണ്. കേരളത്തില്‍ 57 മുതല്‍ 70 വരെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷകരണ നടപടികളില്‍ ഒന്നും തന്നെ ഇടം കിട്ടാത്തവരാണിവര്‍.
50000 ത്തോളം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലും, രണ്ടു സെന്റ്, നാല് സെന്റ്, ലക്ഷം വീട് കോളനികളിലും നരകയാതന അനുഭവിക്കുന്ന ഈ ജനവിഭാങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയാണ് ഇന്ന തോട്ടം കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുന്നത്. നീതിക്ക് വേണ്ടി അടിസ്ഥാന ജനത നടത്തിവരുന്ന ഇത്തരം സമരങ്ങളെ കണ്ടില്ലെന്ന് നടിച്ച് കൊണ്ട് ഒരു ഭരണകൂടത്തിനും അധികനാളുകള്‍ അധികാരത്തില്‍ തുടരാന്‍ സാധിക്കില്ല’ സി.പി.ഐ.എം.എല്‍ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.