| Thursday, 25th April 2019, 12:54 pm

പൊലീസുകാരവളെ കൊണ്ടുപോകാന്‍ നോക്കി, ഞാനവളുടെ കയ്യും പിടിച്ച് മലയുടെ താഴ്‌വാരത്തേക്കോടി; കാടിനകത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റപ്പെട്ടു

ഷഫീഖ് താമരശ്ശേരി

”അവരൊരു വലിയ സംഘം പൊലീസുകാരുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ആളുകളെയെല്ലാം അവര്‍ ലാത്തിവീശിയും തള്ളിയും വിരട്ടിയോടിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന കുറേ പേരെ പിടിച്ച് വണ്ടിയില്‍ കയറ്റുകയും ചെയ്തു. കുറച്ച് പേര്‍ ഭയന്നോടി, ബാക്കി ചിലരെ പൊലീസുകാര്‍ പിടിച്ചു. എന്ത് ചെയ്യണമെന്നറിയാതെ തരിച്ച് നില്‍ക്കുകയായിരുന്നു ഞങ്ങളവിടെ. അതിനിടയിലാണ് രണ്ട് പൊലീസുകാര്‍ വന്ന് അജിതയെ പിടിച്ച് വലിച്ചുകൊണ്ടുപോകാന്‍ നോക്കിയത്. ഞാന്‍ ഓടിച്ചെന്ന് അവളുടെ കൈ പിടിച്ചു. അവളെയും കൂട്ടി മലയുടെ താഴ്ഭാഗത്തേക്ക് ഓടി. മറ്റുള്ളവര്‍ പോയ വഴിയിലായിരുന്നില്ല ഞങ്ങളെത്തിപ്പെട്ടത്. ജീവിതത്തില്‍ ഇതിന് മുമ്പൊരിക്കലും വന്നിട്ടില്ലാത്ത സ്ഥലമായതിനാല്‍ ദിക്കും ദിശയുമൊന്നും അറിയില്ലായിരുന്നു. പുറത്തേക്കുള്ള വഴിയറിയാതെ കാട്ടിലൂടെ കുറേ നേരം അലഞ്ഞു. ഞാനവളുടെ കൈ മുറുകെ പിടിച്ചു. ഏതാണ്ട് ഉച്ച കഴിഞ്ഞെന്ന് സൂര്യനെ കണ്ടപ്പോള്‍ മനസ്സിലായി. കുടിവെള്ളം പോലുമില്ലാതെ ദാഹിച്ചും വിശന്നും വലഞ്ഞു. പ്രതീക്ഷ മാറ്റിവെക്കാതെ ഞങ്ങള്‍ വീണ്ടും നടന്നു. ഒടുവില്‍ കാട് കടന്ന് ഒരു വയല്‍ പ്രദേശത്തെത്തി. വയലിന്റെ ഒരു മൂലയില്‍ ഞങ്ങളുടെ ബാക്കിയുള്ളവരെ കണ്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ ഞങ്ങളനുഭവിച്ചിരുന്ന ആ പേടി ഇപ്പോള്‍ മാറി. പക്ഷേ, വിശപ്പ് മാത്രം മാറിയിട്ടില്ല. ഞങ്ങളുടെ ഭക്ഷണസാധനങ്ങളും പാത്രങ്ങളുമെല്ലാം പൊലീസുകാര്‍ നശിപ്പിച്ചിരിക്കുകയാണ്’.

അമ്പുകുത്തിയ്ക്കും തൊവരിമലയ്ക്കുമിടയിലുള്ള ഒരു വയലില്‍ വെച്ച്, നടന്ന സംഭവങ്ങള്‍ വിശദീകരിക്കുമ്പോള്‍ ധനീഷും ഭാര്യ അജിതയും ഒരേപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. അസാധാരാണമായ അനുഭവങ്ങള്‍ സമ്മാനിച്ച ഭയവും വിശപ്പുമാവാം, അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് പരസ്പരം ചേര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 21 ന് വൈകീട്ട് വയനാട് ജില്ലയിലെ തൊവരിമല എസ്റ്റേറ്റില്‍ ഭൂസമരസമിതിയുടെ മുന്‍കൈയിലാരംഭിച്ച സമരസ്ഥലത്ത് നിന്നും പൊലീസുകാര്‍ ആട്ടിയോടിച്ച ആദിവാസികളുടെ സംഘത്തില്‍പ്പെട്ടവരാണ് ധനീഷും അജിതയും.

ധനീഷും അജിതയും

2017 ജൂണ്‍ 14 നാണ് കല്‍പ്പറ്റയ്ക്കടുത്തുള്ള പിണങ്ങോട് ഊരംകുന്ന് പണിയ കോളനിയിലെ ധനീഷും(21) അമ്പലവയലിനടുത്തുള്ള പെരുമ്പാടിക്കുന്ന് കോളനിയിലെ അജിതയും വിവാഹിതരാകുന്നത്. ഊരംകുന്ന് കോളനിയിലെ ധനീഷിന്റെ ഒറ്റമുറി വീടിനകത്ത് അമ്മയും അച്ഛനും മൂന്ന് സഹോദരിമാരും ഇപ്പോള്‍ തന്നെയുണ്ട്.

കല്യാണശേഷം അജിതയ്ക്ക് കൂടി താമസിക്കാനുള്ള സ്ഥലമില്ലാത്തതിനാല്‍ പെരുമ്പാടിക്കുന്ന് കോളനിയിലെ അജിതയുടെ വീട്ടിലാണ് രണ്ടു പേരുമിപ്പോള്‍ കഴിയുന്നത്. എന്നാല്‍ അവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഒരു കുഞ്ഞുവീട്ടില്‍ അജിതയുടെ അച്ഛനും അമ്മയും അനിയനും ഏട്ടനും ഏട്ടന്റെ ഭാര്യയുമെല്ലാമായി നിറയെ ആളുകളാണ്. കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. സ്വസ്ഥതയോടും സ്വകാര്യതയോടും കൂടി ഒരു ദിവസമെങ്കിലും അന്തിയുറങ്ങാന്‍ ധനീഷിനും അജിതയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല.

കല്‍പ്പറ്റയിലേക്കുള്ള മാര്‍ച്ചില്‍ ധനീഷും അജിതയും

ഇരുവരുടെയും വീടുകളിലും ബന്ധുവീടുകളിലുമൊക്കയായി അഭയാര്‍ത്ഥികളെപ്പോലെ കഴിയുകയാണിവര്‍. സ്വന്തമായി ഒരു തുണ്ട് മണ്ണ് വേണമെന്നും അതില്‍ ഒരു കൊച്ചു കൂര വെച്ച് അജിതയോടൊപ്പം സ്വസ്ഥമായി കഴിയണമെന്നതുമാണ് ജീവിതത്തിലെ ഒരേയൊരു ആഗ്രഹമെന്നും ധനീഷ് പറയുന്നു… അതു കൊണ്ടാണ് എന്ത് പ്രതിസന്ധികള്‍ നേരിട്ടാലും സമരത്തിന് വരാമെന്ന് കരുതിയതെന്നാണിവര്‍ പറയുന്നത്.

പൊലീസുകാര്‍ ഓടിച്ചതുകൊണ്ടൊന്നും പിന്‍മാറില്ലെന്നും എവിടെയെങ്കിലും ഭൂമി കിട്ടുന്നത് വരെ ഏത് സമരത്തിന്റെയും ഭാഗമാകുമെന്നും അജിതയും ധനീഷും ഉറപ്പിച്ച് പറയുന്നു.

കേവലം ഒരു അജിതയുടെയും ധനീഷിന്റെയും മാത്രം കഥയല്ലിത്. സ്വസ്ഥതയോടെയും സ്വകാര്യതയോടും കൂടി അന്തിയുറങ്ങാന്‍ സ്ഥലമില്ലാത്ത യുവ ദമ്പതികള്‍ വയനാടന്‍ ഊരുകളില്‍ ഏറെയുണ്ട്. വയനാട്ടില്‍ ആദിവാസികള്‍ക്കിടയിലെ പുതുതലമുറ അനുഭവിക്കുന്ന വലിയ പ്രയാസങ്ങളിലൊന്നാണിത്.

അമ്പുകുത്തിവയലില്‍ സംഘടിച്ച ആദിവാസി സമരപ്രവര്‍ത്തകര്‍ വിശ്രമിക്കുന്നു

വിശാലമായിരുന്ന പരമ്പരാഗത ഭൂമി നഷ്ടപ്പെട്ടെങ്കിലും പുഴയോരങ്ങളിലും പുറമ്പോക്കുകളിലും മൂന്ന് സെന്റ് കോളനികളിലുമൊക്കെയായി, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കപ്പെട്ട കൊച്ചു കൂരകളിലാണ് വയനാട്ടില്‍ ബഹുഭൂരിപക്ഷം ആദിവാസി കുടുംബങ്ങളും ഇപ്പോള്‍ താമസിക്കുന്നത്.

വകയിരുത്തല്‍ തുകയുടെ ലാളിത്യം കാരണം ഒന്നോ രണ്ടോ മുറികളുള്ള കൊച്ചുവീടുകളാണ് ആദിവാസി ഭവനനിര്‍മ്മാണ പദ്ധതികളുടെ ഭാഗമായി വയനാട്ടില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്ന് നടത്തുന്ന വന്‍ അഴിമതിയും, ഗുണഭോക്താക്കള്‍ ആദിവാസികളായതിനാല്‍, കരാര്‍ ജോലിക്കാര്‍ കാണിക്കുന്ന അലംഭാവവും കാരണം ഇതില്‍ മിക്ക വീടുകളും ഇന്ന് വാസയോഗ്യമല്ലാത്തതാണ്.

അമ്പുകുത്തിവയലില്‍ സംഘടിച്ച ആദിവാസി സമരപ്രവര്‍ത്തകര്‍ വിശ്രമിക്കുന്നു

പാതി തകര്‍ന്നതും ചോര്‍ന്നൊലിക്കുന്നതുമായ വീടുകളാണ് ഇതില്‍ പലതും. ഏതാണ്ട് എഴുപതുകള്‍ മുതലിങ്ങോട്ട് നടപ്പാക്കി വരുന്ന ഇത്തരം ഭവനനിര്‍മാണ പദ്ധതികളുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട വീടുകളില്‍ മൂന്ന് തലമുറകളോളം ഇപ്പോള്‍ കഴിയുന്നുണ്ട്.

കല്‍പ്പറ്റയിലേക്കുള്ള മാര്‍ച്ചിന് തയ്യാറെടുക്കുന്ന ആദിവാസി സമരപ്രവര്‍ത്തകര്‍

വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍, പ്രത്യേകിച്ചും പണിയ വിഭാഗങ്ങള്‍ക്കിടയില്‍ വിവാഹപ്രായമെന്നത് ഗോത്രാചാരങ്ങളുടെ ഭാഗമായി വളരെ നേരത്തെയാണ്. ഇരുപത് വയസ്സിന് മുമ്പേ തന്നെ വിവാഹിതരാകുന്ന ഇവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തന്നെ കുട്ടികളുണ്ടാകും. കല്യാണം കഴിഞ്ഞിട്ടും മാറിത്താമസിക്കാന്‍ ഭൂമിയില്ലാത്തതിനാല്‍ അച്ഛനമ്മമാരുടെ കൂടെ തന്നെ കഴിയുന്ന ഇവരുടെ വീടുകളില്‍ പ്രായമായ മുത്തച്ഛന്മാരും മുത്തശ്ശിമാരുമുണ്ടാകും.

ഈ രീതിയില്‍ നാല് തലമുറകളൊക്കെയാണ് വയനാടന്‍ ആദിവാസി ഊരുകളിലെ കൊച്ചുകുടിലുകളില്‍ ഇപ്പോള്‍ കഴിഞ്ഞുകൊണ്ടിരിക്കുന്നത്.

പൊലീസ് അതിക്രമത്തെത്തുടര്‍ന്ന് വിരണ്ടോടിയ സമരപ്രവര്‍ത്തകര്‍ അമ്പുകുത്തി വയലില്‍ സംഘടിച്ചപ്പോള്‍

മൂന്ന് സെന്റ് – അഞ്ച് സെന്റ് കോളനികളിലെ തുണ്ടുഭൂമികളില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടപ്പിലാക്കിയ അപര്യാപ്തമായ ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കപ്പുറം ആദിവാസി വിഭാഗത്തിലെ പുതുതലമുറകല്‍ലെ പുതിയ കുടുംബങ്ങളുടെ ഭൂമി, വീട് എന്ന ആവശ്യങ്ങളോട് നമ്മുടെ ഭരണകൂടങ്ങള്‍ തുടരുന്ന കടുത്ത അവഗണനകളാണ്.

WATCH THIS VIDEO:

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more