തൊവരിമലയില്‍ നിന്ന് പൊലീസ് നടപടിയില്‍ ചിതറിയോടിയവര്‍ വീണ്ടും സംഘടിച്ചു; കല്‍പറ്റയിലേക്ക് ലോങ് മാര്‍ച്ചുമായി ആദിവാസികള്‍; കളക്ടേറ്റിന് മുന്നില്‍ അനിശ്ചിതകാലസമരം
Thovarimala Land Struggle
തൊവരിമലയില്‍ നിന്ന് പൊലീസ് നടപടിയില്‍ ചിതറിയോടിയവര്‍ വീണ്ടും സംഘടിച്ചു; കല്‍പറ്റയിലേക്ക് ലോങ് മാര്‍ച്ചുമായി ആദിവാസികള്‍; കളക്ടേറ്റിന് മുന്നില്‍ അനിശ്ചിതകാലസമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2019, 6:16 pm

കല്‍പ്പറ്റ: തൊവരിമലയില്‍ പൊലീസ് തല്ലിയോടിച്ച ഭൂരഹിതര്‍ വീണ്ടും സംഘടിച്ചു. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച ഭൂരഹിതര്‍ കല്‍പ്പറ്റ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.

കളക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം നടത്താനാണ് ഇവരുടെ തീരുമാനം. 13 പഞ്ചായത്തുകളില്‍ നിന്നായി എത്തിയ ഭൂരഹിതരാണ് വയനാട് തൊവരിമല വനഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്.

വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണ് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

ഇക്കഴിഞ്ഞ 21-ാം തിയതിയായിരുന്നു സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പെലീസ് സമരം ചെയ്യുന്ന ഭൂരഹിതരെ വനം വകുപ്പിനൊപ്പം ചേര്‍ന്ന് ഒഴിപ്പിച്ചത്. നേരത്തെ സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റു ചെയ്തിരുന്നു.

രാവിലെ പൊലീസ് മാധ്യമങ്ങളെ പോലും പ്രവേശിപ്പിക്കാതെയാണ് ആദിവാസികള്‍ക്ക് നേരെ ബലം പ്രയോഗിച്ചത്. പൊലീസ് നടപടിയില്‍ നിന്ന് രക്ഷപ്പെട്ട ചില ആദിവാസികളെ കണ്ടുമുട്ടിയത് കൊണ്ട് മാത്രമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

സമരം ചെയ്തവരുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവസ്തുക്കളുമെല്ലാം പൊലീസ് പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്നത് 90 ശതമാനവും ആദിവാസികളാണ്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചവരടക്കം നൂറു കണക്കിന് ആദിവാസി കുടുംബങ്ങള്‍ക്കെതിരെയാണ് പൊലീസ് ബലംപ്രയോഗിച്ചിരിക്കുന്നത്.

സമര സമിതി നേതാവ് കുഞ്ഞിക്കണാരന്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ മേപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നേതാക്കളുടെ പേരില്‍ മാത്രമല്ല സമരക്കാരുടെ പേരിലും പൊലീസും വനം വകുപ്പും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിക്രമിച്ചു കടക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. മാധ്യമങ്ങളെ കടത്തി വിടാതെ രഹസ്യ സ്വഭാവത്തിലായിരുന്നു വനം വകുപ്പിന്റേയും പൊലീസിന്റേയും നടപടി.
DoolNews Video