ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികത്തിലും ഭരണകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ മണ്ണിന് വേണ്ടി സമരം ചെയ്യേണ്ടി വരുന്നവര്‍
Kerala News
ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാര്‍ഷികത്തിലും ഭരണകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ മണ്ണിന് വേണ്ടി സമരം ചെയ്യേണ്ടി വരുന്നവര്‍
ഷഫീഖ് താമരശ്ശേരി
Tuesday, 31st December 2019, 11:46 pm

1950 കളില്‍ തുടങ്ങി, വര്‍ഷങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ – നിയമ വ്യവഹാരങ്ങള്‍ക്ക് ശേഷം 1970 ജനുവരി ഒന്നിനാണ് കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം ഔദ്യോഗികമായി നിലവില്‍ വരുന്നത്. നിയമനിര്‍മാണത്തിന് തുടക്കമിട്ട ഇ.എം.എസ് സര്‍ക്കാര്‍ വിമോചന സമരത്തിലൂടെ അട്ടിമറിക്കപ്പെടുകയായിരുന്നു. 1967 ല്‍ വന്ന രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ 1968 ല്‍ നിയമം പാസാക്കിയെങ്കിലും അതിന് പ്രാബല്യം ലഭിക്കുന്നത് 1970 ജനുവരി ഒന്നിന് അച്ച്യുതമേനോന്‍ സര്‍ക്കാറായിരുന്നു.

കേരളീയ സമൂഹം ഇന്ന് കാണുന്ന സാമൂഹ്യ പുരോഗതിയിലേക്കെത്തിയതിന്റെ സുപ്രധാന കാരണം ഭൂപരിഷ്‌കരണം നടപ്പാക്കിയതും അതുവഴി ലക്ഷക്കണക്കിന് പാവപ്പെട്ട കൃഷിക്കാര്‍ ഭൂവുടമകളായി മാറിയതുമാണ് എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോഴും ഭൂപരിഷ്‌കരണ നിയമം നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഭൂപരിഷ്‌കരണത്തില്‍ ഇടത്തരം കര്‍ഷകരെ മാത്രം കര്‍ഷകരായി പരിഗണിച്ചുവെന്നും യാഥാര്‍ത്ഥത്തില്‍ മണ്ണില്‍ പണിയെടുത്തിരുന്ന കര്‍ഷക തൊഴിലാളികള്‍ക്ക് ഭൂമി ലഭിക്കുന്നതിന് പകരം കുടികിടപ്പ് അവകാശം മാത്രമാണ് നല്‍കിയത് എന്നതും, തോട്ടം മേഖലയെ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്നും ഒഴിവാക്കിയത് നിയമത്തിന്റെ അന്തസത്തയെ തന്നെ തകര്‍ത്തു എന്നതുമാണ് ഇതില്‍ ഗൗരവമേറിയ വിമര്‍ശനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു കുടുംബത്തിന് കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. ഇതില്‍ നിന്ന് തോട്ടം ഭൂമിയെ ഒഴിവാക്കുകയുണ്ടായി. തോട്ടങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തുന്നതിനാല്‍ അവ മുറിച്ച് തുണ്ടം തുണ്ടമാക്കുമ്പോള്‍ ഉത്പാദനത്തെ ബാധിക്കുമെന്നതായിരുന്നു അന്നത്തെ പ്രധാന വിലയിരുത്തല്‍. എന്നാല്‍ പിന്നീട് നോക്കുമ്പോള്‍ തോട്ടം ഭൂമിയുടെ വിസ്തൃതി കുറഞ്ഞുവന്നു. തോട്ടം ഭൂമിയിലെ നിശ്ചിത ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന വ്യവസ്ഥ വന്നു. വരാന്‍ പോകുന്ന പരിഷ്‌കരണങ്ങളെ മുന്നില്‍ കണ്ട് പല ഭൂവുടമകളും സ്വന്തം ഭൂമി ട്രസ്റ്റിന് കീഴിലാക്കുകയും പലരുടെയും പേരുകളിലാക്കി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഫലത്തില്‍ ഭൂപരിഷ്‌കരണത്തിന് വിലങ്ങുതടിയായി ഇതൊക്കെ മാറി.

കേരളത്തില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ഭൂരഹിതരായി ജീവിതം തള്ളിനീക്കുമ്പോഴും പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി കൈവശം വെയ്ക്കുന്ന ഭൂ മാഫിയകളായി ഹാരിസണ്‍ അടക്കമുള്ള തോട്ടം മേഖലകള്‍ മാറിയതിന്റെ കാരണം തോട്ടം മേഖലകളെ ഭൂപരിഷ്‌കരണത്തില്‍ നിന്നും ഒഴിവാക്കിയതാണ് എന്ന നിരീക്ഷണത്തെ വയനാട്ടില്‍ നടന്നുവരുന്ന തൊവരിമല ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കാന്‍ ശ്രമിക്കുകയാണിവിടെ.

1970 ല്‍ അച്ച്യുത മേനോന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും തിരിച്ചുപിടിച്ച തൊവരിമലയിലെ നൂറില്‍ പരം ഹെക്ടര്‍ വരുന്ന മിച്ചഭുമിയിലാണ് ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്. സി.പി.ഐ (എംഎല്‍) റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭ യുടേയും  ആദിവാസി ഭാരത് മഹാസഭ  യുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി സമരം പ്രഖ്യാപിച്ചത്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ തൊവരിമല ഭൂമിയില്‍ പ്രവേശിക്കുകയും കുടിലുകള്‍ കെട്ടി അവകാശം സ്ഥാപിക്കുകയും ചെയ്തു.

ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, ആദിവാസി ദളിത് വിഭാഗങ്ങളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും അടിയന്തിരമായി കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഭൂസമരത്തിന് തുടക്കം കുറിച്ചത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുമ്പായിരുന്നു തൊവരിമല ഭൂമിയില്‍ ആദിവാസികള്‍ പ്രവേശിച്ചതും സമരപ്രഖ്യാപനം നടത്തിയതും. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം പുലര്‍ച്ചെ ഒരു വലിയ പോലീസ് സന്നാഹം സമരഭൂമിയിലെത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ബാക്കിയുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് സമരസ്ഥലത്ത് നിന്നും ആട്ടിയോടിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ ജാമ്യം പോലും നിഷേധിച്ച് ആഴ്ചകളോളം ജയിലിലടയ്ക്കുകയുമുണ്ടായി.

സമരത്തിന് നേതൃത്വം നല്‍കിവരുന്ന സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേന്ദ്രകമ്മിറ്റിയംഗം എം.പി കുഞ്ഞിക്കണാരന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുന്നതിങ്ങനെ. ‘കേരളത്തില്‍ ഇപ്പോഴുള്ളത് ഇടതുപക്ഷസര്‍ക്കാര്‍ ആണെന്ന് പറയാനാവില്ല. ഇടതുപക്ഷമൂല്യങ്ങള്‍ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഭൂരഹിതരായ ആദിവാസികളോട് അവര്‍ക്ക് ഈ ക്രൂരത തുടരാനാവില്ല. തൊവരിമലയിലൂടെ ഞങ്ങളുയര്‍ത്തിയത് 1955 -56 കാലങ്ങളില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ചതും 1957 ല്‍ കയ്യൊഴിഞ്ഞതുമായ ഒരു മുദ്രാവാക്യമാണ്. 1956 ല്‍ തൃശ്ശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആവശ്യം വിദേശ കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുന്ന തോട്ടങ്ങള്‍ ദേശസാത്കരിക്കുക എന്നതായിരുന്നു.

എന്നാല്‍ 57 ല്‍ അധികാരത്തില്‍ വന്ന ഇം.എം.എസ് സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ പൂര്‍ണമായും കയ്യൊഴിഞ്ഞു എന്ന് മാത്രമല്ല, ഭൂപരിഷ്‌കരണത്തില്‍ നിന്ന് പോലും ഈ തോട്ടങ്ങളെ മാറ്റിനിര്‍ത്തുകയായിരുന്നു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കയ്യടക്കി വെച്ചിരുന്ന തോട്ടം മേഖലയെ സ്പര്‍ശിക്കാതെ ഭൂപരിഷ്‌കരണം സാധ്യമാക്കിയതിലൂടെ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തത്. ഭൂക്രമക്കേടുകളുടെയും കയ്യേറ്റങ്ങളുടെയും ഒരു വലിയ ലോകമായി എസ്റ്റേറ്റുകള്‍ മാറിയതില്‍ ആ അര്‍ത്ഥത്തില്‍ ഇ.എം.എസ് സര്‍ക്കാറിന് വലിയ ഉത്തരവാദിത്വമുണ്ട്.

തോട്ടങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നതിലും വലിയ വീഴ്ച അവര്‍ വരുത്തി. തൊവരിമല സമരത്തിലൂടെ ഇന്ന് ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത് കേരളത്തില്‍ നടപ്പാകേണ്ട സമഗ്രമായ ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകതയാണ്. അഞ്ച് ലക്ഷത്തി ഇരുപത്തിയയ്യായിരം ഏക്കര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കേരളത്തിലെ സ്വകാര്യ തോട്ടം കുത്തകകള്‍ കയ്യടക്കിവെച്ചിരിക്കുന്നു എന്നാണ് രാജ്യമാണിക്യം റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. ആദിവാസി ദളിത് ജനതയുെട ഭൂരാഹിത്യപ്രശ്നങ്ങള്‍ അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഭൂമി പിടിച്ചെടുത്ത് അവര്‍ക്ക് വിതരണം ചെയ്യാനുള്ള ആര്‍ജ്ജവമാണ് ഭൂപരിഷ്‌കരണം നടപ്പാക്കിയത് വലിയ അവകാശ വാദമായി കൊണ്ടുനടക്കുന്ന ഇടതുപക്ഷ ഭരണകൂടം കാണിക്കേണ്ടത്. അല്ലാതെ അവരില്‍ നിന്നുയര്‍ന്നുവരുന്ന സമരങ്ങളെ അധികാരമുഷ്‌കില്‍ അടിച്ചമര്‍ത്തുകയല്ല.’

‘കേരളത്തിലെ സ്വകാര്യ തോട്ടം കുത്തകള്‍ നിയമവിരുദ്ധമായി കയ്യടക്കിവെച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയെക്കുറിച്ചുള്ള സര്‍ക്കാര്‍ തല അന്വേഷണറിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും അവയെ മുഖവിലയ്‌ക്കെടുക്കാതെ തോട്ടം കുത്തകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രീതിയിലാണ് ഇപ്പോഴത്തെയും സര്‍ക്കാര്‍ ഇടപെടലുകള്‍. ദളിത് ആദിവാസി ജന വിഭാഗങ്ങള്‍, ദരിദ്രരും ഭൂരഹിതരുമായ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി നമ്മുടെ ജനസംഖ്യയിലെ സിംഹഭാഗം ജനങ്ങളും വാസയോഗ്യമായ പാര്‍പ്പിടങ്ങളോ കൃഷി ചെയ്യാന്‍ ഭൂമിയോ ഇല്ലാത്തവരാണ്. കേരളത്തില്‍ 57 മുതല്‍ 70 വരെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷകരണ നടപടികളില്‍ ഒന്നും തന്നെ ഇടം കിട്ടാത്തവരാണിവര്‍.

50000 ത്തോളം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലും, രണ്ടു സെന്റ്, നാല് സെന്റ്, ലക്ഷം വീട് കോളനികളിലും നരകയാതന അനുഭവിക്കുന്ന ഈ ജനവിഭാങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയാണ് ഇന്ന തോട്ടം കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുന്നത്. നീതിക്ക് വേണ്ടി അടിസ്ഥാന ജനത നടത്തിവരുന്ന ഇത്തരം സമരങ്ങളെ കണ്ടില്ലെന്ന് നടിച്ച് കൊണ്ട് ഒരു ഭരണകൂടത്തിനും അധികനാളുകള്‍ അധികാരത്തില്‍ തുടരാന്‍ സാധിക്കില്ല’ സി.പി.ഐ.എം.എല്‍ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഭൂപരിഷ്‌കരണം കേരളത്തിലെ ഏറ്റവും അടിസ്ഥാന ജനവിഭാഗങ്ങളായ ദളിത് ആദിവാസി ജനതയ്ക്ക് കാര്യമായ ഒരു പ്രയോജനവും നല്‍കിയിട്ടില്ലെന്നതാണ് ഈ വസ്തുതകള്‍ പറഞ്ഞുവെയ്ക്കുന്നത്. കേരളത്തില്‍ ചേരികളെക്കാളും മോശപ്പെട്ട കോളനികളിലേക്ക് ദളിത് വിഭാഗങ്ങളെ തള്ളിവിട്ടത് ഭൂപരിഷ്‌കരണമാണെന്നാണ് ദളിത് ചിന്തകനായ കെ.കെ കൊച്ച് പറയുന്നത്. ഭൂപരിഷ്‌കരണത്തില്‍ ഭൂമി ലഭിക്കേണ്ട കര്‍ഷകനെ നിര്‍വചിച്ചത് പാട്ടക്കാര്‍, കണക്കാര്‍, വാരക്കാര്‍ എന്നിങ്ങനെയാണ്. പണിയെടുക്കുന്നവര്‍ക്കും ജന്മികള്‍ക്കുമിടയിലുള്ള വിഭാഗങ്ങളാണിത്. ഈ വിഭാഗങ്ങളില്‍ ദളിതര്‍ ഇല്ല. അതിനാല്‍ ദളിത് ഇതരവിഭാഗക്കാര്‍ക്കാണ് ഭൂപരിഷ്‌കരണനിയമത്തിലൂടെ ഭൂമി ലഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂപരിഷ്‌കരണത്തിന് അമ്പതാണ്ടുകള്‍ തികയുന്ന ഈ സാഹചര്യത്തില്‍ കേരളത്തിലെ ദളിത് കോളനികളുടെ സ്ഥിതിയും ഭൂസമരങ്ങളുടെ സാഹചര്യവും വിലയിരുത്തിയാല്‍ മനസ്സിലാകുന്ന സുപ്രധാന കാര്യം സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കൃതരുമായ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തി അതിനിടയിലുള്ള ഒരു ജനതയ്ക്ക് മാത്രം പുരോഗതി നല്‍കി എന്നതാണ്.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍