വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഹിജാബ് വലിച്ചെറിഞ്ഞ് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ ഹരജിയില്‍ പതിനായിരക്കണക്കിന് പേര്‍ ഒപ്പുവെച്ചു.
ന്യൂസിലാന്‍ഡിലെ ഒട്ടാഗോ ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഹോദ അല്‍-ജമാ എന്ന 17കാരിക്കായിരുന്നു മര്‍ദനമേറ്റത്.
ഹോദക്ക് നീതി ലഭിക്കണം എന്നാവശ്യപ്പട്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷനിലാണ് വിവിധ കോണുകളില്‍ നിന്നും ഇപ്പോള്‍ പിന്തുണ ലഭിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 60,000ലധികം ഒപ്പുകളാണ് ലഭിച്ചിരിക്കുന്നത്.
ജസ്റ്റിസ് ഫോര്‍ ഹോദ എന്ന ഹാഷ്ടാഗും നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഫലസ്തീന്‍-ഡച്ച് സൂപ്പര്‍മോഡലായ ബെല്ല ഹാദിദും ഇതിന്റെ ക്യാംപെയിന്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഹോദയുടെ ഹിജാബ് നിര്‍ബന്ധപൂര്‍വം ഊരിമാറ്റുകയും മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഹദയെ മര്‍ദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അക്രമികള്‍ ഷൂട്ട് ചെയ്തിരുന്നു.
”രണ്ട് പെണ്‍കുട്ടികള്‍ എന്നെ തടഞ്ഞുവെച്ചു. അതിലൊരാള്‍ എന്നെ അടിച്ചു, ഞാന്‍ നിലത്ത് വീണു. ഞാന്‍ വീണിട്ടും അവര്‍ എന്നെ മുഖത്തും ദേഹത്തും അടിക്കുന്നത് തുടര്‍ന്നു.
ടീച്ചര്‍ വന്ന് എന്നെ സഹായിക്കുന്നത് വരെ അത് തുടര്‍ന്നു,” പ്രാദേശിക മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ഹദ പറഞ്ഞു.
തന്റെ ഹിജാബ് ഇവര്‍ നിര്‍ബന്ധപൂര്‍വം ഊരിയെടുത്തെന്നും ഇത് മൊബൈലില്‍ ചിത്രീകരിച്ചെന്നും പിന്നീട് ഈ വീഡിയോ സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമിടയില്‍ പ്രചരിപ്പിച്ചെന്നും ഹദ ആരോപിക്കുന്നു.
തന്റെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കെതിരെയും ഇവര്‍ ഇത്തരത്തില്‍ പെരുമാറിയതായാണ് ഹദ പറയുന്നത്.