| Sunday, 6th October 2024, 7:01 pm

സ്വയം തീക്കൊളുത്തി ഗസയ്ക്ക് പിന്തുണ; യു.എസില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ഒരു വര്‍ഷത്തോടടുക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി. ഗസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഇസ്രഈല്‍ വിരുദ്ധറാലി നടന്നത്.

പ്രതിഷേധത്തിനിടെ ഒരാള്‍ തന്റെ കൈയില്‍ സ്വയം തീക്കൊളുത്തികൊണ്ട് ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയറിയിച്ചു. സമീപത്തുണ്ടായിരുന്ന സുരാക്ഷാ ഉദ്യോഗസ്ഥന്‍ ഫലസ്തീന്‍ അനുകൂലിയുടെ ശരീരത്തില്‍ പടര്‍ന്നുപിടിച്ച തീ കഫിയ ഉപയോഗിച്ച് കെടുത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്.

തീകൊളുത്തി കൊണ്ടുള്ള പ്രതിഷേധത്തെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തള്ളുകയും ചെയ്തു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ തെറ്റായ സന്ദേശത്തെയാണ് പ്രചരിപ്പിക്കുകയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീന് പുറമെ ലെബനീസ് ജനതയ്ക്കും പ്രതിഷേധക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. ഫലസ്തീന്റെയും ലെബനന്റെയും പതാകകളും കഫിയകളും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രകടനം.

പ്രതിഷേധത്തില്‍, ഇസ്രഈലിന് നല്‍കുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ അമേരിക്ക അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ അനുകൂലികള്‍ ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിന്റെ മുന്നിലായിരുന്നു ഇസ്രഈലിനെതിരായ ആയിരങ്ങളുടെ പ്രതിഷേധ മാര്‍ച്ച് നടന്നത്.

‘ചരിത്രത്തിന്റെ ഒരു വശമാണ് യു.എസ് ഭരണകൂടം കാണിച്ചു തന്നത്. ഈ നൂറ്റാണ്ടില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ക്രൂരതകള്‍ക്കാണ് യു.എസ് നേതൃത്വം നല്‍കിയത്,’ എന്ന് ഫലസ്തീന്‍ യൂത്ത് മൂവ്മെന്റിന്റെ സംഘാടകനായ സായിദ് ഖത്തീബ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. 2024 യു.എസ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ കോര്‍ണര്‍ വെസ്റ്റും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

ഇതിനുമുമ്പ് ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രഈല്‍ എംബസിക്ക് മുമ്പില്‍ ആരോണ്‍ ബുഷ്നല്‍ സ്വയം തീകൊളുത്തിയിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.

സാമൂഹ്യ മാധ്യമമായ ട്വിച്ചിലൂടെ ബുഷ്നല്‍ ലൈവ് വീഡിയോ സ്ട്രീം ചെയ്തുവെന്നും തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് വംശഹത്യയോട് സന്ധി ചെയ്യാനില്ലെന്ന് ഉച്ചത്തില്‍ വിളിച്ചിപറഞ്ഞിരുന്നെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീ കൊളുത്തിയശേഷം തറയില്‍ വീഴുന്നത് വരെ അദ്ദേഹം ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ 41,870 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തില്‍ 97,166 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 പേര്‍ കൊല്ലപ്പെടുകയും 256 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.

Content Highlight: Thousands rally in US against Israel

We use cookies to give you the best possible experience. Learn more