കൊലയാളി ഇസ്രഈല്‍ ഗസയില്‍ നിന്ന് പുറത്തുപോവുക; തുര്‍ക്കിയില്‍ ആയിരങ്ങളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
World News
കൊലയാളി ഇസ്രഈല്‍ ഗസയില്‍ നിന്ന് പുറത്തുപോവുക; തുര്‍ക്കിയില്‍ ആയിരങ്ങളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st January 2024, 3:40 pm

ഇസ്താംബൂള്‍: ഇസ്രഈല്‍ ഭരണകൂടം ഫലസ്തീനില്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധമറിയിച്ച് തുര്‍ക്കിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ആയിരക്കണക്കിന് തുര്‍ക്കി പൗരന്മാരാണ് ഫലസ്തീന് അനുകൂലമായി തെരുവിലിറങ്ങിയത്.

കൊലയാളി ഇസ്രഈല്‍ ഫലസ്തീനില്‍ നിന്ന് പിന്മാറുക എന്നതായിരുന്നു റാലിയില്‍ മുഴങ്ങിയ പ്രധാന മുദ്രാവാക്യം. തുര്‍ക്കിയിലെ എന്‍.ജി.ഒയായ തുഗ്വയും നാഷണല്‍ വില്‍ പ്ലാറ്റ്ഫോമും സംയുക്തമായാണ് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്. 308 സര്‍ക്കാരിതര സംഘടനകളുടെ പങ്കാളിത്തം റാലിയില്‍ ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്തസാക്ഷികള്‍ക്കായുള്ള പ്രാര്‍ത്ഥന, ഫലസ്തീന് പിന്തുണ, ഇസ്രഈല്‍ എന്ന ശാപം എന്നിങ്ങനെ എഴുതിയ ബാനറുകളും പോസ്റ്ററുകളും അനുകൂലികള്‍ റാലിയില്‍ ഉയര്‍ത്തുകയുണ്ടായി.

നഗരത്തിലെ ഹാഗിയ സോഫിയ മസ്ജിദ്, എമിനോനു ന്യൂ മോസ്‌ക്, സുല്‍ത്താനഹ്‌മെത് മോസ്‌ക്, സുലൈമാനിയേ മസ്ജിദ് എന്നിവിടങ്ങളിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം, ഇസ്രഈല്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ ഫലസ്തീനികള്‍ക്കായി തുര്‍ക്കി പൗരന്മാര്‍ പ്രാര്‍ത്ഥന നടത്തുകയും തുടര്‍ന്ന് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീനിന്റെ സായുധ സംഘടനയായ ഹമാസിന് തുര്‍ക്കി പൗരന്മാര്‍ അഭിവാദ്യം അറിയിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ ഭരണകൂടത്തിനെതിരെയുള്ള ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പ് തുടരേണ്ടതാണെന്നും അനുകൂലികള്‍ ചൂണ്ടിക്കാട്ടി.

തുര്‍ക്കിയിലെ യുവജന കായിക മന്ത്രി ഒസ്മാന്‍ അസ്‌കിന്‍ ബക്ക്, മുന്‍ തുര്‍ക്കി പാര്‍ലമെന്റ് സ്പീക്കര്‍ മുസ്തഫ സെന്റോപ്, വിജ്ഞാന വ്യാപനത്തിനുള്ള ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റും തുഗ്വയുടെ ഉന്നത ഉപദേശക സമിതി അംഗമായ ബിലാല്‍ എര്‍ദോഗന്‍ എന്നിവര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തിരുന്നു.

Content Highlight: Thousands rally in Turkey for Palestinian solidarity