വാഷിങ്ടണ്‍: മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ദിനത്തില്‍ ന്യൂയോര്‍ക്കില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ഗസയിലെ ഫലസ്തീനികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇസ്രഈല്‍ സര്‍ക്കാര്‍ ഉടനെ യുദ്ധം അവസാനിപ്പിക്കണമെന്നതായിരുന്നു ഫലസ്തീന്‍ അനുകൂലികളുടെ ആവശ്യം.
ഗസയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ വീണ്ടെടുക്കാനും സാംക്രമിക രോഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിക്കാനുമുള്ള ആഹ്വാനമാണ് ഈ റാലിയെന്നും അനുകൂലികള്‍ ചൂണ്ടിക്കാട്ടി. ഇസ്രഈലി സൈന്യം ഗസയിലെ വംശഹത്യ അവസാനിപ്പിക്കുക, ഇസ്രഈലിനുള്ള അമേരിക്കന്‍ സഹായങ്ങള്‍ അവസാനിപ്പിക്കുക, ഗസയിലെ ഉപരോധം പിന്‍വലിക്കുക എന്നതാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലുടനീളം ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി മാര്‍ച്ചുകളും റാലികളും നടന്നിരുന്നു. ഏതാനും റാലികളില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയുണ്ടായി. ന്യൂയോര്‍ക്ക് നഗരത്തിലെ മൂന്ന് പ്രധാന പാലങ്ങളും ഒരു തുരങ്ക കവാടവും ഉപരോധിച്ചുകൊണ്ട് ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധം നടത്തിയിരുന്നു.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക, ഫലസ്തീനിയന്‍ യൂത്ത് മൂവ്‌മെന്റ്, ന്യൂയോര്‍ക്ക് സിറ്റി ഫോര്‍ പീസ്, ന്യൂയോര്‍ക്ക് സിറ്റി ചാപ്റ്റര്‍ അടക്കമുള്ള സംഘടനകളിലെ അംഗങ്ങളും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തെ എതിര്‍ക്കുന്ന എഴുത്തുക്കാരുമാണ് ഇസ്രാഈലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 24,100 ആയി വര്‍ധിച്ചുവെന്നും 60,317 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഞായറാഴ്ച മാത്രമായി 132 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 265 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlight: Thousands rally in New York for Palestine solidarity on Martin Luther King Jr. Day