കെയ്‌റോ: പ്രസിഡന്റ് മുഹമ്മദ് മുര്‍സി വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പുതിയ ഭരണഘടനയുടെ കരടിന് ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിച്ചതോടെ ഈജിപ്തില്‍ പ്രക്ഷോഭം ശക്തമായി. മുര്‍സിയുടെ ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഭരണഘടനാകരട് തയ്യാറാക്കിയിരിക്കുന്നതെന്നാരോപിച്ചാണ് പ്രക്ഷോഭം നടക്കുന്നത്.[]
പ്രസിഡന്റിന്റെ അധികാരം വര്‍ധിപ്പിക്കുകയും ഭരണകാര്യത്തില്‍ നീതിന്യായ വകുപ്പിന്റെ സ്വാധീനം ഇല്ലാതാക്കാനുമുള്ള നിയമം കൊണ്ടുവരാനും മുര്‍സി ഭരണകൂടം നീക്കം നടത്തുന്നുണ്ട്.
ഭരണഘടനയുടെ കരട് അംഗീകിരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അസംബ്ലിയില്‍ നിന്ന് ഇറങ്ങിപ്പോയി. നൂറംഗ അസംബ്ലിയിലെ ലിബറല്‍, ഇടതുപക്ഷ, ക്രൈസ്തവ അംഗങ്ങളാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്.
കെയ്‌റോയില്‍ പതിനായിരങ്ങളാണ് മുര്‍സിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ ഭരണഘടനയുടെ കരടിന് തിടുക്കപ്പെട്ട് അംഗീകാരം നല്‍കിയത് മുര്‍സിയുടെ അമിതാധികാരത്തിന്റെ ഭാഗമായാണെന്നാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്.
“ഏകാധിപത്യ ഭരണഘടന തുലയട്ടെ” എന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ച് കൂടിയത്.
പുതിയ ഭരണഘടന നിലവില്‍ വരുന്നതോടെ രാജ്യം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് മുര്‍സിയുടെ അവകാശവാദം. പുതിയ ഭരണഘടന ജനഹിത പരിശോധനയ്ക്ക് വിട്ടുനല്‍കുമെന്നും മുര്‍സി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഈജിപ്ത് ഏകാധിപതി ഹുസ്‌നി മുബാറക്ക് ആവാനുള്ള ശ്രമമാണ് മുര്‍സി നടത്തുന്നതെന്നാണ് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നത്. അലക്‌സാന്‍ഡ്രിയയില്‍ മുര്‍സി അനുകൂലികളും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
പുതിയ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കുന്നതിന് യാതൊന്നുമില്ലെന്നതാണ് പ്രധാന ആരോപണം. പൗരന്മാരെ വിചാരണ ചെയ്യാന്‍ പട്ടാളക്കോടതിക്ക് അനുവാദമുണ്ടെന്നും ഭരണഘടനയില്‍ പറയുന്നു.
പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെ തന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ നീതിന്യായ വകുപ്പിന് അധികാരമുണ്ടാകില്ലെന്ന മുര്‍സിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈജിപ്തില്‍ രണ്ടാമതും പ്രക്ഷോഭം ആരംഭിച്ചത്. ഇസ്‌ലാമിക ശരീഅത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന തയ്യാറായിരിക്കുന്നതെന്ന റിപ്പോര്‍ട്ടുണ്ട്.