ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കണം; മൊറോക്കോയിൽ പാർലമെന്റ് മന്ദിരത്തിനു പുറത്ത് പതിനായിരങ്ങളുടെ പ്രതിഷേധം
Trending
ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കണം; മൊറോക്കോയിൽ പാർലമെന്റ് മന്ദിരത്തിനു പുറത്ത് പതിനായിരങ്ങളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 10:29 pm

റബാത്: ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം രാജ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ പ്രതിഷേധം.

പാർലമെന്റ് മന്ദിരത്തിന് പുറത്ത് ‘സ്വഭാവികവത്കരിക്കുന്നത് കുറ്റകൃത്യമാണ്,’ ‘വംശഹത്യ അവസാനിപ്പിക്കുക’ തുടങ്ങിയ ബാനറുകൾ ഉയർത്തി പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.

ഫലസ്തീൻ പാതകയേന്തിയ പ്രതിഷേധക്കാർ മോറോക്കോയും ഇസ്രഈലും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

’24 മണിക്കൂറും ബോംബ് ആക്രമണങ്ങളും കുട്ടികൾ കൊല്ലപ്പെടുന്നതും മുപ്പതിനായിരത്തോളം ആളുകൾ മരണപ്പെട്ടതുമാണ് നമ്മൾ കാണുന്നത്. ഒന്നും അവസാനിക്കുന്നില്ല. വംശഹത്യ തുടരുകയാണ്. വംശഹത്യ നടത്തുന്നവരിൽ നിന്ന് വാങ്ങുന്നതും നിൽക്കുന്നതും ഇനിയും തുടരാനാകില്ല,’ പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.

2020 അവസാനത്തോടെയാണ് മൊറോക്കോ ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്. രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് ഇൻതിഫാദ എന്നറിയപ്പെടുന്ന രണ്ടാം ഫലസ്തീൻ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇസ്രഈലുമായുള്ള ബന്ധം മൊറോക്കോ അവസാനിപ്പിച്ചിരുന്നു.

യു.എസിന്റെ മധ്യസ്ഥതയിൽ യു.എ.ഇ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ഇസ്രഈൽ ബന്ധം സ്ഥാപിച്ച അബ്രഹാം കരാർ പ്രകാരമായിരുന്നു മൊറോക്കോ ബന്ധം പുനസ്ഥാപിച്ചത്.

ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മൊറോക്കോ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു സൂചനകളും നൽകിയിരുന്നില്ല.

Content Highlight: Thousands protest in Morocco to demand end of ties with Israel