| Sunday, 5th May 2024, 7:45 am

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈലില്‍ ആയിരങ്ങളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലില്‍ ആയിരങ്ങളുടെ പ്രതിഷേധം. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആഹ്വാനം ചെയ്ത് ഇസ്രഈലികള്‍. ഗസയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈലികളുടെ കുടുംബാംഗങ്ങള്‍ അടക്കം ആയിരക്കണക്കിന് ആളുകളാണ് ടെല്‍ അവീവിൽ കഴിഞ്ഞ ദിവസം പ്രതിഷേധവുമായെത്തിയത്.

ശനിയാഴ്ച ടെല്‍ അവീവില്‍ നടന്ന പ്രതിഷേധ റാലിയില്‍, ഗസയില്‍ ഇപ്പോഴും തടവിലുള്ള 130ലധികം ബന്ദികളെ തിരികെയെത്തിക്കാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മെയ് ആറിന് വരാനിരിക്കുന്ന യോം ഹാഷോ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിന് മുന്നോടിയായായിരുന്നു പ്രതിഷേധം.

‘ഹമാസുമായുള്ള കരാറിനെ പിന്തുണക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് ഗസയില്‍ തടവിലാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരണം. അതില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമുണ്ടാകും. ഞങ്ങള്‍ക്ക് ഈ സര്‍ക്കാരും മാറണം, ഇത് അവസാനിക്കണം,’ നതാലി എല്‍ഡോര്‍ എന്ന ഇസ്രഈലി യുവതി അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

ബന്ദികളാക്കിയവരില്‍ പലരും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തടവിലാക്കപ്പെട്ട എല്ലാവരെയും തിരികെ കൊണ്ടുവരണമെന്ന ലക്ഷ്യത്തോട് കൂടിയാണ് ഇസ്രഈലി കുടുംബങ്ങള്‍ പ്രതിഷേധം നടത്തുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ബന്ദികളെ ഇസ്രഈലിലേക്ക് തിരികെ അയക്കാന്‍ സാധ്യതയുള്ള ഗസ ഉടമ്പടി സംബന്ധിച്ച് ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

അതേസമയം വെടിനിര്‍ത്തല്‍ കരാറില്‍ ബെഞ്ചമിന്‍ നെതന്യാഹു വ്യക്തിപരമായി തടസം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം പൂര്‍ണമായും അവസാനിപ്പിക്കാത്ത ഒരു ഉടമ്പടിയും അംഗീകരിക്കില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനുപുറമെ ഇസ്രഈലി തടങ്കലില്‍ ആയിരുന്ന ഒരു പ്രമുഖ ഡോക്ടറുടെ മരണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴിന് ഗസയില്‍ ഇസ്രഈല്‍ സൈന്യം ആക്രമണം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 34,654 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 77,908 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ സൈന്യം 32 പേരെ കൊലപ്പെടുത്തുകയും 41 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Content Highlight: Thousands Protest in Israel Demanding Acceptance of Ceasefire Agreement with Hamas

We use cookies to give you the best possible experience. Learn more