'19 കുട്ടികള്‍ ക്രൂരമായി കൊല്ലപ്പെട്ടത് തടയാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ ആ സര്‍ക്കാരിനെ മാറ്റാനുള്ള സമയമാണിത്'; യു.എസില്‍ പുതിയ തോക്ക് നിയമത്തിന് വേണ്ടി ആയിരങ്ങള്‍ തെരുവില്‍
World News
'19 കുട്ടികള്‍ ക്രൂരമായി കൊല്ലപ്പെട്ടത് തടയാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ ആ സര്‍ക്കാരിനെ മാറ്റാനുള്ള സമയമാണിത്'; യു.എസില്‍ പുതിയ തോക്ക് നിയമത്തിന് വേണ്ടി ആയിരങ്ങള്‍ തെരുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 3:19 pm

വാഷിങ്ടണ്‍: പുതിയ തോക്ക് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി യു.എസില്‍ ആയിരക്കണക്കിന് ജനങ്ങള്‍ തെരുവില്‍ പ്രതിഷേധ സമരത്തില്‍. തോക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരണമെന്നാണ് ആവശ്യം.

ശനിയാഴ്ചയാണ് രാജ്യമെമ്പാടും പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയത്. തോക്ക് നിയന്ത്രണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ മാളിലും ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

യു.എസിലെ ടെക്‌സസില്‍ ആഴ്ചകള്‍ക്ക് മുമ്പ് നടന്ന മാസ് ഷൂട്ടിങ്ങിന്റെ പശ്ചാത്തലത്തിലാണ് സമരം നടക്കുന്നത്.

യു.എസ് കോണ്‍ഗ്രസ് വിഷയത്തില്‍ ഗൗരവകരമായി ഇടപെടണമെന്നും പുതിയ നിയമം കൊണ്ടുവരണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

”സംഭവിച്ചത് സംഭവിച്ചു, മതിയായി. ഒരു മേയറായും അമ്മയായുമാണ് ഞാന്‍ സംസാരിക്കുന്നത്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്, യു.എസ് കോണ്‍ഗ്രസ് അതിന്റെ ജോലി ചെയ്യണം.

ഞങ്ങള്‍ ജനങ്ങളെ സംരക്ഷിക്കുക, ഞങ്ങളുടെ കുട്ടികളെയും ഗണ്‍ വയലന്‍സില്‍ നിന്നും സംരക്ഷിക്കുക എന്നുള്ളതാണ് ആ ജോലി,” പ്രതിഷേധ റാലിയില്‍ പങ്കെടുത്തുകൊണ്ട് ഡിസിട്രിക്ട് ഓഫ് കൊളംബിയ മേയര്‍ മുറ്യെല്‍ ബൊവ്‌സെര്‍ പറഞ്ഞു.

മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് (March for our Lives) എന്ന പേരിലാണ് സമരം നടക്കുന്നത്.

”19 കുട്ടികള്‍ സ്വന്തം സ്‌കൂളില്‍ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത് തടയാന്‍ നമ്മുടെ സര്‍ക്കാരിന് പറ്റിയില്ലെങ്കില്‍ ആ സര്‍ക്കാരിനെ മാറ്റാനുള്ള സമയമാണിത്,” സമരക്കാരിലൊരാള്‍ പറഞ്ഞു.

മേയ് 25നായിരുന്നു ടെക്സസിലെ ഒരു പ്രൈമറി സ്‌കൂളില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ 19 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടത്. അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പ്രൈമറി സ്‌കൂളിലുള്ളത്. സംഭവത്തിന് പിന്നാലെ യു.എസിലെമ്പാടും പ്രതിഷേധങ്ങള്‍ ആരംഭിക്കുകയായിരുന്നു.

സൗത്ത് ടെക്‌സസിലെ ഉവാല്‍ഡേ നഗരത്തിലെ റോബ്ബ് എലമെന്ററി സ്‌കൂളിലായിരുന്നു സംഭവം. സാല്‍വദോര്‍ റാമോസ് എന്ന 18കാരന്‍ തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു.

18 വയസ് തികഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇയാള്‍ തോക്ക് വാങ്ങിയെന്നായിരുന്നു റിപ്പോട്ടുകള്‍ പുറത്തുവന്നത്. ഇതോടെയാണ് രാജ്യത്തെ തോക്കുനിയമങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യമുയരുന്നത്.

തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് യു.എസില്‍ പതിവായി കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 18 വയസുകഴിഞ്ഞ ആര്‍ക്കും തോക്ക് സ്വന്തമാക്കാം. 2005ലാണ് തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിയമം നിലവില്‍ വന്നത്.

ടെക്സസ് സംഭവത്തിന് പിന്നാലെ രാജ്യത്തെ തോക്ക് നിയമത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

യു.എസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Thousands protest demanding new gun safety laws in America