| Thursday, 15th January 2015, 12:28 pm

ഭീകരാക്രമണത്തിന് ശേഷം ഫ്രാന്‍സില്‍ ആയിരത്തിലധികം സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്


പാരീസ്: ഷാര്‍ലി ഹെബ്ദോ ആക്രമണത്തിന് ശേഷം ഫ്രാന്‍സില്‍ ആയിരത്തിലധികം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.   ഇസ്‌ലാമിക തീവ്രവാദി സംഘടനകളാണ് അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

പ്രധാനമായും സര്‍ക്കാര്‍, ബിസിനസ് സ്ഥാപനങ്ങളുടെ സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. “ഫ്രാന്‍സിന് മരണം സംഭവിക്കട്ടെ” , അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല”  തുടങ്ങിയ സന്ദേശങ്ങളയച്ച് കൊണ്ടാണ് ഭീകരര്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തിരിക്കുന്നത്.

വടക്കനാഫ്രിക്കന്‍ രാജ്യമായ മൗറിത്താനിയയില്‍ നിന്നുള്ള സൈബര്‍ ജിഹാദിസ്റ്റുകളാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ജനുവരി പതിനഞ്ച് വരെ ഫ്രാന്‍സിനെതിരെയുള്ള തങ്ങളുടെ സൈബര്‍ ആക്രമണം തുടരുമെന്ന് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം ഭീകരവാദികള്‍ ഏത് തരം ആക്രമണമാണ് നടത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ജനുവരി ഏഴിന് ഷാര്‍ലി ഹെബ്ദോ വാരിക ആക്രമണത്തിന് ശേഷമാണ് ഭീകരവാദികള്‍ ഫ്രാന്‍സിനെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണം തുടങ്ങിയത്. മാഗസിന്‍ ആക്രമണത്തില്‍ എഡിറ്ററടക്കം പന്ത്രണ്ട് പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.

ഇതിന് ശേഷം പ്രവാചകന്റെ കാര്‍ട്ടൂണ്‍ മുഖ ചിത്രമാക്കി കൊണ്ട് ഷാര്‍ലി എബ്ദോയുടെ പുതിയ ലക്കം പുറത്തിറങ്ങിയിരുന്നു. 50 ലക്ഷത്തിലധികം കോപ്പികളായിരുന്നു പ്രസാധകര്‍ അച്ചടിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more