കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനവുമായി ആയിരക്കണക്കിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍.
രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു പ്രതിഷേധം.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തമായിരിക്കുന്നത്.
മഹീന്ദ രജപക്‌സെയുടെ വീടിന് ചുറ്റും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധക്കാര്‍ അത് മറികടന്ന് വസതിയുടെ കോമ്പൗണ്ടിലേക്ക് കടക്കാനും ശ്രമം നടത്തിയിരുന്നു.
തലസ്ഥാനമായ കൊളംബോയില്‍ വിവിധ റോഡുകള്‍ തടഞ്ഞുകൊണ്ടും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.
”നിങ്ങള്‍ക്ക് ഞങ്ങളുടെ റോഡ് ബ്ലോക്ക് ചെയ്യാം, എന്നാല്‍, സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവരെ താഴെയിറക്കാതെ ഞങ്ങളുടെ സമരത്തെ തടഞ്ഞ് നിര്‍ത്താനാകില്ല,” ഒരു വിദ്യാര്‍ത്ഥി നേതാവ് പ്രതികരിച്ചു.
എന്നാല്‍ പ്രതിഷേധക്കാര്‍ വന്ന സമയത്ത് പ്രധാനമന്ത്രി വസതിയില്‍ ഇല്ലായിരുന്നെന്നും അതുകൊണ്ട് അവര്‍ സമാധാനപരമായി പിരിഞ്ഞ് പോയെന്നും പൊലീസ് അറിയിച്ചു.
പ്രസിഡന്റ് ഗോതബയ രജപക്‌സെയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ട് ‘ഗോ ഹോം ഗോത’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ ഇളയ സഹോദരന്‍ കൂടിയാണ് ഗോതബയ രജപക്‌സെ.
രണ്ടാഴ്ചയിലധികമായി ഗോതബയ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് വസതിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ ക്യാംപ് ചെയ്യുകയാണ്.
നേരത്തെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ നടന്ന ശ്രീലങ്കന്‍ പൊലീസിന്റെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Thousands Of Students Mob Sri Lanka PM Mahinda Rajapaksa’s Home Over Economic Crisis