ലണ്ടന്‍: ബ്രിട്ടനില്‍ ആയിരക്കണക്കിന് റെയില്‍വേ തൊഴിലാളികള്‍ സമരത്തില്‍. ഫെസ്റ്റിവല്‍ സീസണിലേക്ക് വേണ്ടി ആസൂത്രണം ചെയ്ത ഇന്‍ഡസ്ട്രിയല്‍ ആക്ഷന്റെ ഭാഗമായാണ് യു.കെയിലുടനീളം റെയില്‍ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.
ഈയാഴ്ച ഡിസംബര്‍ 13 മുതല്‍ 14 വരെയും 16 മുതല്‍ 17 വരെയും 48 മണിക്കൂര്‍ വീതമായിരിക്കും റെയില്‍ പണിമുടക്ക്.
റെയില്‍വേ തൊഴിലാളികളുടെ ബ്രിട്ടനിലെ ഏറ്റവും വലിയ സംഘടനയായ റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (Rail, Maritime and Transport – ആര്‍.എം.ടി) ചൊവ്വാഴ്ച പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളില്‍ ട്രിപ്പുകള്‍ റദ്ദാകുകയോ യാത്രകള്‍ തടസപ്പെടുകയോ ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അത്യാവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യുക, എന്നും ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
1980കള്‍ക്ക് ശേഷം കണ്ടിട്ടില്ലാത്ത തോതിലുള്ള ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ തരംഗമാണ് നിലവില്‍ യു.കെ നേരിടുന്നത്. ഊര്‍ജ, ഭക്ഷ്യവസ്തുക്കളുടെ വില വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഏറ്റവും പുതിയ സമരം.
അതേസമയം, നേരത്തെ ബ്രിട്ടനില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് തപാല്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ അധ്യാപകരും ഒപ്പം ചേര്‍ന്നിരുന്നു. രാജ്യത്തെ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനിടെയാണ് മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് അധ്യാപകരും തപാല്‍ ജീവനക്കാരും പണിമുടക്കിയത്.
ആയിരക്കണക്കിന് പോസ്റ്റല്‍ തൊഴിലാളികള്‍ക്കൊപ്പം സര്‍വകലാശാല ലെക്ചറര്‍മാരും സ്‌കൂള്‍ ടീച്ചര്‍മാരും സമരത്തില്‍ പങ്കുചേര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഏകോപിത വാക്കൗട്ടുകളിലൊന്നായിരുന്നു ഈ പ്രതിഷേധം.