ഗാന്ധിനഗര്‍: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടയില്‍ ഗുജറാത്തില്‍ ദിവസേന വിറ്റുപോകുന്നത് ആയിരിക്കണക്കിന് ലിറ്റര്‍ ഗോമൂത്രം. കൊവിഡ് പ്രതിരോധത്തിന് ഉത്തമമാണ് ഗോമൂത്രമെന്ന പ്രചരണത്തെ തുടര്‍ന്നാണ് ആളുകള്‍ക്കിടയില്‍ ഇതിന് ഡിമാന്റ് കൂടിയത്.
സംസ്ഥാനത്തെ വിവിധ ഗോശാലകളില്‍ നിന്നും പണം കൊടുത്ത് ആളുകള്‍ ഗോമൂത്രം വാങ്ങി കുടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് 19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഓരോ ദിവസവും 6000 ലിറ്റര്‍ വരെ ഗോമൂത്രമാണ് വിറ്റുപോകുന്നതെന്ന രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കത്തേരിയ എക്കണോമിക് ടൈംസിനോട് പ്രതികരിച്ചു.
ഗോമൂത്രം കുടിക്കാന്‍ വേണ്ടി മാത്രമല്ല ആളുകള്‍ വാങ്ങുന്നതെന്നും ബോഡി സ്േ്രപ ഉണ്ടാക്കാനും മറ്റുമായി ഇത് ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. സൂക്ഷ്മ വൈറസുകളെ പ്രതിരോധിക്കാനാണ് ചിലര്‍ ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് വേണ്ടി മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്ക് പ്രതിവിധിയായും ചിലര്‍ ഇത് വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദഹനം മെച്ചപ്പെടുത്തുന്നതിന് പുറമെ ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമാണ് ആളുകള്‍ ഇത് വാങ്ങുന്നത്. 4000 ഗോശാലകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 500 ഗോശാലകള്‍ ചേര്‍ന്നാണ് ഗോമൂത്രം ശേഖരിക്കുന്നതും കുപ്പികളില്‍ സംഭരിക്കുന്നതും, അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഗോമൂത്രം ഉത്തമമാണെന്ന രീതിയിലുള്ള പ്രചരണം നടന്നിരുന്നു. ബി.ജെ.പിയുടെ നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ ഇത്തരം പരസ്യപ്രസ്താവനകള്‍ നടത്തുകയും ഗോമൂത്ര പാര്‍ട്ടികള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്ന് വ്യക്തമാക്കിയാണ് സംഘാടകര്‍ സല്‍ക്കാരം നടത്തിയത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗോമൂത്രത്തിന് കഴിയുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത നിരവധിയാളുകള്‍ ഗോമൂത്രം കുടിക്കുന്നതിന്റെ വീഡിയോകളും പ്രചരിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ