| Sunday, 8th January 2023, 9:20 am

'ജനാധിപത്യം അപകടത്തില്‍'; ഇസ്രഈലില്‍ നെതന്യാഹു സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: അധികാരത്തിലേറി ദിവസങ്ങള്‍ മാത്രം പിന്നിട്ടിരിക്കെ ഇസ്രഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് ജനങ്ങളാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി ശനിയാഴ്ച തെരുവിലിറങ്ങിയിരിക്കുന്നത്.

ജനാധിപത്യം അപകടത്തില്‍ (Democracy in danger), ഫാസിസത്തിനും വര്‍ണവിവേചനത്തിനുമെതിരെ ഒരുമിച്ച് (Together against fascism and apartheid) എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഇസ്രഈലിലെ തീരദേശ നഗരമായ ടെല്‍ അവീവ് കേന്ദ്രീകരിച്ചാണ് ജനകീയ പ്രതിഷേധം.

കുറ്റവാളിയായ മന്ത്രി (crime minister) എന്ന് നെതന്യാഹുവിന്റെ ഫോട്ടോക്കൊപ്പം എഴുതിയ ബാനറുകളും പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങള്‍ ഉയര്‍ത്തി.

നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ കാര്യത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളടക്കം നേരത്തെ തന്നെ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇസ്രഈലില്‍ വരാനിരിക്കുന്ന ‘വലതുപക്ഷ- ഫാസിസ്റ്റ് കൂട്ടുകെട്ടി’ന്റെ അപകടങ്ങളെ കുറിച്ച് ഫലസ്തീന്‍ നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂത സെറ്റില്‍മെന്റുകള്‍ പണിയുന്നതിനും അവ വിപുലീകരിക്കുന്നതിനുമായിരിക്കും പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്ന് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് തൊട്ടുമുമ്പായി പുറത്തുവിട്ട നയരേഖയില്‍ (policy guidelines) നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

ഇസ്രഈലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ് നെതന്യാഹു. 1996- 1999, 2009- 2021 കാലഘട്ടത്തിലാണ് ഇദ്ദേഹം മുമ്പ് പ്രധാനമന്ത്രി പദത്തിലിരുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു മൂന്നാമത് നെതന്യാഹു സര്‍ക്കാര്‍ ഇസ്രഈലില്‍ ഔദ്യോഗികമായി അധികാരത്തിലേറിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്ര വലതുപക്ഷ സ്വഭാവമുള്ള സര്‍ക്കാരാണിത്.

പൊതുതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തീവ്ര ഓര്‍ത്തഡോക്‌സ് ജൂത പാര്‍ട്ടികളുടെയും വലതുപക്ഷ കൂട്ടായ്മകളുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു.

നേരത്തെ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ പാര്‍ട്ടിയുമായി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി (likud party) സഖ്യത്തിലേര്‍പ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഹോമോഫോബിക്കും തീവ്ര വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്നതുമായ നോം പാര്‍ട്ടിയുമായാണ് (Noam Party) നെതന്യാഹു സഖ്യകരാറിലേര്‍പ്പെട്ടത്. തീവ്ര മത-ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന നോം പാര്‍ട്ടിയുടെ തലവന്‍ അവി മാവൊസിനെ (Avi Maoz) കരാര്‍ പ്രകാരം നെതന്യാഹു സര്‍ക്കാരില്‍ ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു.

നവംബര്‍ ഒന്നിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന യായ്ര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റര്‍- ലെഫ്റ്റ് സഖ്യത്തെ മറികടന്നായിരുന്നു ലികുഡ് പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. സയണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു നെതന്യാഹു ബ്ലോക്കിന്റെ വിജയം.

Content Highlight: Thousands of Israelis protest in Tel Aviv against Benjamin Netanyahu’s extreme Far-right Govt

We use cookies to give you the best possible experience. Learn more