| Sunday, 27th October 2019, 6:39 pm

ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സ് അടച്ചുപൂട്ടി; മലയാളി ഉടമകള്‍ ഒളിവില്‍; നിക്ഷേപകര്‍ പ്രതിസന്ധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്യാണ്‍: മുംബൈയില്‍ മലയാളി ഉടമസ്ഥരുടെ കീഴിലുള്ള ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ ആയിരക്കണക്കിന് വരുന്ന നിക്ഷേപകര്‍ പ്രതിസന്ധിയില്‍. നാലു ദിവസമായി കടകളടച്ചിട്ട് ഉടമസ്ഥര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സ് ഉടമകളായ സുനില്‍കുമാറിന്റെയും സുധീഷ്‌കുമാറിന്റെയും ഡോംബിവ്‌ലിയിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഡോംബിവ്‌ലിയിലെ അവരുടെ ഷോറൂം പൊലീസ് സീല്‍ ചെയ്തു.

സുനില്‍ കുമാറും സുധീഷ് കുമാറും 22 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. ഇവര്‍ക്ക് മുംബൈയിലും പൂനെയിലുമായി 13 ഷോറൂമുകളിലുണ്ട്. ഇവരുടെ വിവിധ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുള്ളവരില്‍ മിക്കവരും മുംബൈയിലെ മലയാളികളാണ്.

സഹോദരങ്ങളായ സുനില്‍ കുമാറും സുധീഷ് കുമാറും തൃശൂര്‍ സ്വദേശികളാണ്. തൃശൂരിലും ഇവര്‍ക്ക് ജ്വല്ലറികളുണ്ട്.

ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്ന പ്രകാരം സുനില്‍ കുമാര്‍ കമ്പനിയുടെ ചെയര്‍മാനും സുധീഷ് കുമാര്‍ മാനേജിങ് ഡയറക്ടറുമാണ്.

2,000 രൂപ മുതല്‍ 50 ലക്ഷം രൂപവരെ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് നിക്ഷേപകര്‍ പറയുന്നത്. എന്നാല്‍ നിക്ഷേപങ്ങള്‍ കോടികള്‍ കടക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

ഉടമസ്ഥര്‍ക്കെതിരെയും ഏരിയാ മാനേജര്‍ മനിഷ് കുന്ദിക്കെതിരെയും വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നാണ് രാംനഗര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ്. പി ആഹേര്‍ പറഞ്ഞത്. 250 ഓളം പേര്‍ അദ്ദേഹത്തെ സമീപിച്ചിരുന്നുവെന്നും അവരുടെ മൊഴി രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്നും എസ്. പി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുഡ്‌വിന്‍ ജ്വല്ലേഴ്‌സിന്റെ ചെയര്‍മാന്‍ സുനില്‍ കുമാറിന്റേതെന്നു കരുതുന്ന വോയിസ് മെസേജില്‍ പറയുന്നതനുസരിച്ച് കമ്പനിയില്‍ നിക്ഷേപിച്ചവരുടെ തുക ഭദ്രമാണെന്നാണ് വിശദമാക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധി നേരിട്ടതിനാലാണ് കട ഇപ്പോള്‍ പൂട്ടയിതെന്നും അത് മറികടക്കാനുള്ള ശ്രമത്തിലാണ് അവര്‍ എന്നു കൂടി മെസേജില്‍ വ്യക്തമാക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിക്ഷേപകര്‍ പറയുന്ന പ്രകാരം ഒക്ടോബര്‍ 21 ന് ഡോംബിവ്‌ലിയിലെ ഓഫീസ് അടച്ചിട്ടുണ്ട്. എന്നാല്‍ അതിനു ശേഷം ഇതുവരെയും സ്ഥാപനങ്ങളോ ഓഫീസോ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. കടകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് താനെയിലുള്ള കടകള്‍ക്കു മുന്നിലും നിരവധി നിക്ഷേപകര്‍ പ്രതിഷേധവുമായി തടിച്ചു കൂടിയിരുന്നു.

 

We use cookies to give you the best possible experience. Learn more