ബെയ്‌റൂട്ട്: ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനത്തിന് ശേഷം ലെബനന്‍ നേരിടുന്നത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ കടുത്ത പട്ടിണിയാണ് നേരിടുന്നതെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടുംബത്തിനാവശ്യമായ അടിസ്ഥാന സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത വിധം ദാരിദ്ര്യത്തിലാണ് ലെബനനിലെ ആയിരക്കണക്കിന് ജനങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലെബനീസ് പൗണ്ടിന്റെ മൂല്യം കുറഞ്ഞതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
തുടര്‍ന്നുണ്ടായ കൊവിഡ് വ്യാപനവും സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനക്ഷാമം, അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റം, ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് രാജ്യം നേരിടുന്ന മറ്റ് പ്രതിസന്ധികള്‍.
ആയിരക്കണക്കിന് വീടുകളില്‍ ഇപ്പോഴും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പവര്‍കട്ടാണ് നിരവധി കുടുംബങ്ങള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. പലയിടത്തും കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ് രാജ്യം നേരിടുന്നത്.
‘ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഒരു നേരത്തെ ആഹാരം കഴിക്കാന്‍ പോലുമാകാതെയാണ് ഇവിടെ ജീവിക്കുന്നത്. പട്ടിണിയാണ് പല കുടുംബങ്ങളിലും വില്ലനാകുന്നത്,’ സേവ് ചില്‍ഡ്രന്‍ സംഘടനാ വക്താവായ ജെന്നിഫര്‍ മൂര്‍ഹെദ് പറഞ്ഞു.
വൈദ്യുതി ബില്ല് അടയ്ക്കാന്‍ പല കുടുംബങ്ങള്‍ക്കും കഴിയുന്നില്ല. അത്യാവശ്യത്തിന് മരുന്നോ, കുടിവെള്ളമോ, ആഹാരമോ ഇല്ലാത്ത അവസ്ഥയാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിച്ചുവീഴുന്ന അവസ്ഥയുണ്ടാകുമെന്നും ജെന്നിഫര്‍ പറഞ്ഞു.
ആറ് വര്‍ഷമായി ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാനശാലയില്‍ സൂക്ഷിച്ചിരുന്ന 22750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചായിരുന്നു ലെബനനില്‍ അപകടമുണ്ടായത്.
ആറ് വര്‍ഷമായി ഇവിടെ സൂക്ഷിച്ചുവെച്ച സ്‌ഫോടക വസ്തുക്കളാണ് അപകടത്തിലേക്ക് നയിച്ചത് എന്നത് വലിയ രീതിയില്‍ ജനരോഷത്തിന് ഇടയാക്കിയിരുന്നു. നേരത്തെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ലെബനന്‍ ജനതയ്ക്ക് സ്‌ഫോടനം വലിയ പ്രഹരമാണ് തീര്‍ത്തത്.
ക്രിസ്ത്യന്‍, ഷിയ, സുന്നി വിഭാഗക്കാരെ ഉള്‍പ്പെടുത്തിയാണ് ലെബനന്റെ അധികാര വികേന്ദ്രീകരണം. ലെബനന്‍ പ്രസിഡന്റ് ഒരു മരൊനൈറ്റ് ക്രിസ്ത്യന്‍ വിഭാഗക്കാരനായിരിക്കണം എന്നാണ് ചട്ടം.
പാര്‍ലമെന്റ് സ്പീക്കര്‍ ഷിയ മുസ്ലിം വിഭാഗത്തില്‍ നിന്നുമായിരിക്കണം. പ്രധാനമന്ത്രി ഒരു സുന്നി മുസ്ലിമും ആയിരിക്കണം. 15 വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ കൊണ്ടു വന്ന ദേശീയ ഉടമ്പടി പ്രകാരമാണ് ഇങ്ങനെയൊരു നയം.
1989 ല്‍ തൈഫ് എഗ്രിമെന്റ് എന്ന പേരില്‍ സൗദി അറേബ്യയില്‍ വെച്ചാണ് ഈ കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം സുന്നി മുസ്ലിം, ഷിയ മുസ്ലിം ക്രിസ്ത്യന്‍ എന്നിവര്‍ക്ക് തുല്യമായി അധികാരം ലഭിക്കും. ഈ ഘടനയിലാണ് ഇതുവരെയും ലെബനന്‍ രാഷ്ട്രീയം നീങ്ങിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Thousands of children going hungry’ a year after Beirut blast