| Thursday, 27th June 2024, 10:06 pm

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍; ഗസയുടെ വേദന വിവരിച്ച് യൂനിസെഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: യു.എന്‍ രക്ഷാസമിതിയില്‍ ഗസയിലെ കുട്ടികള്‍ നേരിടുന്ന നരകയാതന വിവരിച്ച് യുണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്(യൂനിസെഫ്). ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഇപ്പോഴും ഇസ്രഈല്‍ ആക്രമണങ്ങളാല്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുകയാണെന്ന് യൂനിസെഫ് പറഞ്ഞു.

സായുധ സംഘര്‍ഷങ്ങളും കുട്ടികളും എന്ന വിഷയത്തില്‍ രക്ഷാസമിതി നടത്തിയ യോഗത്തിലാണ് പ്രസ്താവന. യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടെക് ചാലിബനാണ് ഗസയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍ വിവരിച്ചത്.

പോഷകാഹാരക്കുറവ് മൂലം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് സഹായമെത്തിക്കാന്‍ പോലും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധത്തോടൊപ്പം ​ഗസയിൽ പട്ടിണി മരണങ്ങളും ദിവസേന വർധിക്കുന്നതായി യു.എൻ നേരത്തെ പറഞ്ഞിരുന്നു. യുദ്ധം ആരംഭിച്ചത് മുതൽ കഷ്ടപ്പാടുകളിലൂടെയാണ് ഫലസ്തീനികൾ കടന്ന് പോകുന്നതെന്ന് യു.എൻ.ആർ.ഡബ്ല്യൂ.എ വ്യാഴാഴ്ച പറഞ്ഞു.

ഫലസ്തീനികൾ വിനാശകരമായ വിശപ്പിനെയാണ് സഹിക്കുന്നത്. പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം കുട്ടികൾ മരിച്ച് വീഴുകയാണെന്നും യു.എൻ അവരുടെ പ്രസ്താവനയിൽ പറഞ്ഞു.

“​ഗസയിലെ മനുഷ്യർ ജീവിക്കാൻ വേണ്ടി പോരാടുകയാണ്. സുരക്ഷ തേടിയെത്തുന്ന സ്ഥലങ്ങളിൽ നിന്ന് അവർ ആവർത്തിച്ച് കുടിയിറക്കപ്പെടുകയാണ്. രണ്ടു ദശലക്ഷത്തിലധികം ആളുകൾക്ക് ​ഗസ നരകതുല്യമായി മാറി. അവർക്ക് ​ഗസയിപ്പോൾ ഒരു പേടി സ്വപ്നമാണ് ,”​യു.എൻ പ്രസ്താവനയിൽ പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ആരംഭിച്ച ആക്രമണങ്ങൾക്ക് ശേഷം ഉടനടി വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം ലംഘിച്ചതിന് ഇസ്രഈൽ വ്യാപക വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ഇതുവരെ 37,000ത്തിലധികം ഫലസ്തീനികളാണ് ​ഗസയിൽ കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 86,000 പേർക്ക് പരിക്കേറ്റതായും ​ഗസയിലെ ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു.

Content Highlight: Thousands of Children are trapped in the rubble; UNICEF describes the pain of Gaza

Latest Stories

We use cookies to give you the best possible experience. Learn more