അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സംഘപരിവാർ ആഘോഷമാക്കി മാറ്റുമ്പോൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ട അയോധ്യയിലെ സാധാരണക്കാരുടെ ജീവിതം ലോകം കാണാതെ പോകുന്നു. ഭക്തിയുടെ മറവിൽ ആയിരക്കണക്കിന് ജനങ്ങളാണ് ജീവിതം ചോദ്യചിഹ്നമായി കുടിയിറക്കപ്പെട്ടത്.
അയോധ്യയിലെ രാമ ക്ഷേത്രത്തിന് ചുറ്റുമായി പണിയുന്ന പഞ്ച് കോശി പരിക്രമ റോഡിന് വേണ്ടി പരിസരത്തെ വീടുകളും കടകളും ചില ക്ഷേത്രങ്ങളും പൊളിച്ചുമാറ്റിയതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അയോധ്യയിൽ മൂന്ന് പ്രധാന റോഡുകളുടെ നിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. രാംപഥ്, രാം ജന്മഭൂമി പഥ്, ഭക്തി പഥ് എന്നീ മൂന്ന് റോഡുകൾ. 16 കി.മീ ദൂരമുള്ള റോഡിന് വേണ്ടി 4000 മുതൽ 5000 വരെ വീടുകളും കടകളുമാണ് പൊളിച്ചുമാറ്റിയതെന്നും ന്യായമായ നഷ്ടപരിഹാരം ആർക്കും ലഭിച്ചിട്ടുമില്ലെന്നും അയോധ്യ ഉദ്യോഗ് വ്യാപാരമണ്ഡൽ വ്യാപാരി യൂണിയൻ അധ്യക്ഷൻ നന്ദകുമാർ ഗുപ്ത ദി വയറിനോട് പറഞ്ഞു.
അയോധ്യയിൽ എല്ലായിടത്തും സ്ഥലത്തിന് വിലകുതിച്ചുയരുകയാണ്. നഷ്ടപരിഹാരമായി വളരെ തുച്ഛമായ തുകയാണ് എല്ലാവർക്കും സർക്കാർ നൽകിയത്. സർക്കാർ നൽകിയ പൈസ കൊണ്ട് ഒരു സെന്റ് ഭൂമി പോലും വാങ്ങാൻ തികയില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.
കടകളും വീടുകളും തകർന്നതോടെ താത്കാലിക ഷെഡിലും മറ്റും കഴിയുകയാണ് ഇവിടുത്തെ ആളുകൾ. പുതിയ അയോധ്യ നിർമിക്കുവാൻ 30,000 കോടി രൂപ ചെലവഴിക്കുന്നതിനിടയിലാണ് നിർമിതികൾ പൊളിച്ചുമാറ്റി ജനങ്ങൾ കുടിയിറക്കപ്പെടുന്നത്.
ഒരുമുറിയിലാണ് പ്രദേശവാസികൾ ഉറങ്ങുന്നതും ഭക്ഷണം പാകം ചെയ്യുന്നതും സാധനങ്ങൾ സൂക്ഷിക്കുന്നതുമെല്ലാമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
‘ഞങ്ങൾ അഞ്ച് പേരാണ് ഇവിടെ. ഞാനും ഭർത്താവും ആൺകുട്ടികളും ഒരു പെൺകുട്ടിയും. ഈ സൗകര്യത്തിൽ ഞങ്ങൾ എങ്ങനെ കിടക്കും? എങ്ങനെ ജീവിക്കും?
കക്കൂസില്ല. കുളിമുറിയില്ല. അടുക്കളയില്ല. പറയൂ, പെണ്മക്കൾ എങ്ങനെ ഇവിടെ ജീവിക്കും.
മോദിജി ഞങ്ങളുടെ ക്ഷേമം കൂടി ഉറപ്പുവരുത്തേണ്ടേ?’
പ്രദേശവാസികളിലൊരാളായ കുംപൂം ദേവി മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ അനൂപ് ദാസിനോട് പറഞ്ഞു.
കട നഷ്ടമായതോടെ വഴിയോരത്ത് തട്ടിക്കൂട്ടി ഒരു കട നടത്തുകയാണെന്നും വളരെയധികം ബുദ്ധിമുട്ടാണെന്നും രാംപഥിൽ കട നടത്തിയിരുന്ന പുഷ്പ ദേവി പറഞ്ഞു.
2023 ജനുവരിയിൽ രാകേഷ് കുമാർ ഗുപ്ത എന്നയാളുടെ മൂന്ന് നില വീട് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. 90 ലക്ഷത്തോളം വിലമതിപ്പുള്ള വീടിനും പുരയിടത്തിനും നഷ്ടപരിഹാരമായി വെറും ഒമ്പത് ലക്ഷം രൂപയാണ് സർക്കാർ നൽകിയത്.
ക്ഷേത്ര നിർമാണം ആരംഭിച്ചതോടെ അയോധ്യ വാണിജ്യവത്കരിക്കപ്പെട്ടുവെന്നും പെട്ടിക്കടകൾ പോലുള്ള ചെറിയ കച്ചവട സ്ഥാപനങ്ങൾ നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്നവരുടെ ജീവിതം വഴിമുട്ടി എന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു.
പൂക്കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വാടക കുത്തനെ കൂട്ടിയതോടെ ഇവിടെ നിന്ന് കടയുപേക്ഷിച്ച് പോകുവാൻ കടക്കാർ നിർബന്ധിതരായിരിക്കുകയാണ്.
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന രാംപഥിലെ തട്ടുകടക്കും ചെറിയ ചായ്പിനുമെല്ലാം പ്രതിമാസം 5000 രൂപയാണ് ഇപ്പോൾ ഉടമകൾ വാടക ചോദിക്കുന്നതെന്ന് കട നടത്തിയിരുന്നവർ പറയുന്നു.
ഇതിന് പുറമേ ഒരു ലക്ഷം രൂപ മുൻകൂറായി നൽകണമെന്നും തുച്ഛമായ വരുമാനം ജീവിതചെലവുകൾക്ക് പോലും തികയുന്നില്ല എന്നിരിക്കെ എങ്ങനെ ഭീമമായ തുക നൽകുമെന്നും കടയുടമകളിലൊരാളായ ചാന്ദ്നി ദേവി ചോദിക്കുന്നു.
അയോധ്യയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 11,000 കോടി രൂപയുടെ വികസന പദ്ധതികൾ അയോധ്യയിൽ കൊണ്ടുവരുമെന്നും ഇതിലൂടെ സാധാരണക്കാർക്ക് തൊഴിലവസരം തുറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ബി.ജെ.പിയുമായി റിയൽ എസ്റ്റേറ്റ് മാഫിയകൾ സാധാരണക്കാരുടെ നിസ്സഹായത മുതലെടുത്ത് തുച്ഛമായ നിരക്കിൽ കർഷകരുടെ ഭൂമികൾ തട്ടിയെടുത്ത് അദാനി ഗ്രൂപ്പ് പോലെയുള്ള വൻകിട കോർപ്പറേറ്റുകൾക്ക് മറിച്ചുവിൽക്കുകയാണെന്ന് സ്ക്രോൾ റിപ്പോർട്ട് ചെയ്തിരുന്നു.
മുൻ ബി.ജെ.പി എം.പി ചന്ദ്രപ്രകാശ് ശുക്ലയുടെ ഉടമസ്ഥതയിലുള്ള ടൈംസ് സിറ്റി മൾട്ടി സ്റ്റേറ്റ് കോർപ്പറേറ്റീവ് ഹൗസങ് സൊസൈറ്റി സരയൂ നദിക്ക് സമീപമുള്ള മഝ ജംതാര എന്ന ഭൂമി പലതവണയായി കർഷകരിൽ നിന്ന് തുച്ഛ വിലക്ക് കൈക്കലാക്കിയിരുന്നു. പിന്നീട് 2.44 കോടി രൂപയുടെ ലാഭത്തിനാണ് അദാനി ഗ്രൂപ്പിന് ഈ ഭൂമി ടൈംസ് സിറ്റി മറിച്ചുവിൽക്കുന്നത്.
അയോധ്യയിലെ തർക്ക ഭൂമി സർക്കാർ ഏറ്റെടുത്താൽ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയെ തുടർന്ന് വിപണി നിരക്കിൽ നിന്നും കുറഞ്ഞ പൈസക്ക് സ്വകാര്യ പാർട്ടികൾക്ക് വിൽക്കുകയായിരുന്നു എന്ന് പ്രദേശത്തെ യാദവ വിഭാഗത്തിൽ നിന്നുള്ള കർഷകർ സ്ക്രോളിനോട് പറഞ്ഞു.
‘ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമി ഹിന്ദുക്കൾക്ക് നൽകാൻ സുപ്രീം കോടതി വിധി വന്നപ്പോൾ സ്ഥലം സർക്കാർ ഏറ്റെടുക്കുമെന്ന് കേട്ടു. ഞങ്ങൾക്ക് കൃത്യമായി നഷ്ടപരിഹാരം നൽകുമോ എന്ന് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് വിപണി നിരക്കിനേക്കാൾ കുറഞ്ഞ പൈസയ്ക്ക് സ്വകാര്യ കമ്പനിക്ക് വിൽക്കാൻ തീരുമാനിച്ചു.
ഒന്നുമില്ലാത്തതിലും നല്ലത് കുറച്ചെങ്കിലും പൈസ ലഭിക്കുന്നതല്ലേ,’
ടൈംസ് സിറ്റിക്ക് ഭൂമി വിറ്റ കബൂത്ര ദേവിയുടെ പൗത്രൻ പറഞ്ഞു.
2021 ഫെബ്രുവരിയിൽ 0.56 ഹെക്ടർ ഭൂമി സുധ ദീക്ഷിത് എന്ന വ്യക്തിക്ക് യാദവ കുടുംബം വിറ്റത് 33.53 ലക്ഷം രൂപയായിരുന്നു. എന്നാൽ ഭൂമിയുടെ വിപണി വില അന്ന് 77.46 ലക്ഷമായിരുന്നു.
ടൈംസ് സിറ്റിയുടെ നിയമോപദേശകനായിരുന്നു ഇടപാടിന് സാക്ഷിയായതെന്ന് സ്ക്രോളിൽ പ്രസിദ്ധീകരിച്ച ആയുഷ് തിവാരിയുടെ റിപ്പോർട്ടിൽ പറയുന്നു.