| Tuesday, 29th December 2020, 5:58 pm

ബാറ്റണുകള്‍ക്കും ബാരിക്കേഡുകള്‍ക്കും മുന്നില്‍ പതറാതെ കര്‍ഷകര്‍; ആയിരക്കണക്കിന് കര്‍ഷകര്‍ ഗവര്‍ണറുടെ വസതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പട്‌ന രാജ് ഭവനിലേക്ക് മാര്‍ച്ചുമായി ആയിരക്കണക്കിന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കുചേരണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.

പട്‌നയിലെ ഗാന്ധി മൈതാനത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഡാക് ബംഗ്ലാവ് ചൗക്കില്‍ വെച്ച് ബാരിക്കേഡുകളും ബാറ്റണുകളും കൊണ്ട് പൊലീസ് പ്രതിഷേധം തടഞ്ഞു. മാര്‍ച്ചിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നാളെ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ച തിങ്കളാഴ്ച വൈകുന്നേരം കേന്ദ്രം മാറ്റുകയായിരുന്നു.

ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thousands March To Governor’s House In Patna, Demand Farm Laws Scrapped

We use cookies to give you the best possible experience. Learn more