| Sunday, 18th June 2023, 8:00 pm

തുല്യതക്കായി എല്‍.ജി.ബി.ടി.ക്യു പ്ലസിന്റെ മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍സോ: പോളണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്‍.ജി.ബി.ടി.ക്യു പ്ലസിന് തുല്യത നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന വാര്‍സോയിലെ പ്രൈഡ് പരേഡില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. റെയിന്‍ബോ ഫ്‌ളാഗും റെയിന്‍ബോ കുടയുമായാണ് ആളുകള്‍ മാര്‍ച്ചില്‍  പങ്കെടുത്തത്.

രാജ്യത്തെ വലതുപക്ഷ സര്‍ക്കാര്‍ മുന്‍പ് എല്‍.ജി.ബി.ടി പ്രത്യയശാസ്ത്രത്തിനെതിരെ ക്യാമ്പയിനുകള്‍ നടത്തിയിരുന്നു. എന്നാല്‍ വാര്‍സോയിലെ എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റി രാജ്യത്ത് സുരക്ഷിതരാകുമെന്ന് വാര്‍സോയിലെ മേയര്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

എല്ലാവരും പോളണ്ടില്‍ സുരക്ഷിതാകുമെന്ന് കരുതുന്നുവെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് ലിബറല്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള റാഫല്‍ ട്രസാസ്‌കോവ്‌സ്‌കി പറഞ്ഞു.

പോളണ്ടില്‍ സ്വവര്‍ഗ ബന്ധങ്ങള്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല. സ്വവര്‍ഗ ദമ്പതികള്‍ കുട്ടികളെ ദത്തെടുക്കുന്നതും പോളണ്ടില്‍ നിരോധിച്ചിട്ടുണ്ട്.

സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹത്തിനും കുട്ടികളെ ദത്തെടുക്കുന്നതിനും അനുവാദം നല്‍കുന്നത് കുടുംബ ഘടനക്ക് ഭീഷണിയുയര്‍ത്തുമെന്നും കുട്ടികളെ ബാധിക്കുമെന്നുമാണ് പോളണ്ടിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി പറഞ്ഞിരുന്നത്.

ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതികരായ വോട്ടര്‍മാരെ അണിനിരത്തുന്നതിന് എല്‍.ജി.ബി.ടി.ക്യു പ്ലസിന്റെ പ്രശ്‌നങ്ങളെ കുറിച്ച് സ്‌കൂളുകളില്‍ പഠിപ്പിക്കുക, സ്വവര്‍ഗം വിവാഹം എന്നീ വിഷയങ്ങള്‍ പാര്‍ട്ടി ഉന്നയിക്കുമെന്നാണ് ആക്ടിവിസ്റ്റുകളുടെ വിലയിരുത്തല്‍.

‘അടുത്ത തെരഞ്ഞെടുപ്പില്‍ അത് സംഭവിക്കുമെന്നത് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. ഞങ്ങള്‍ വളരെ ശക്തരായ ആളുകളാണ്. മാര്‍ച്ച് നടത്തുന്നതില്‍ നിന്നും എളുപ്പത്തില്‍ പിന്തിരിയില്ല. ഞങ്ങള്‍ ആരാണെന്നത് ഞങ്ങള്‍ക്ക് നന്നായി അറിയാം, ‘ വാര്‍സോ മാര്‍ച്ചിലെ സംഘാടകരില്‍ ഒരാളായ അലിജ ഹെര്‍ഡ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പോളണ്ടിലെ യു.എസ് അബാസിഡര്‍ മാര്‍ക്ക് ബ്രെസിന്‍സ്‌കിയും പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോയും മാര്‍ച്ചില്‍ പങ്കെടുത്തു.

Content Highlight: Thousands march in poland for lgbtq rights

We use cookies to give you the best possible experience. Learn more