| Tuesday, 19th May 2020, 8:27 am

ആത്മീയ നേതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് രാഷ്ട്രീയ നേതാക്കളടക്കം ആയിരങ്ങള്‍; ലോക്ക് ഡൗണ്‍ ലംഘനമില്ലെന്ന് ജില്ലാ ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശിലെ കട്‌നിയിലെ ആത്മീയ നേതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരില്‍ ബിജെപി-കോണ്‍ഗ്രസ് നേതാക്കളും, നടന്‍ അഷുതോഷ് റാണയടക്കമുള്ള പ്രമുഖരുമുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങളില്‍ നിരവധി പേര്‍ സാമൂഹിക അകലം പോലും പാലിക്കാതെ അടുത്ത് നില്‍ക്കുന്നത് കാണാം. എന്നാല്‍ യാതൊരു തരത്തിലുമുള്ള ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനവും നടന്നിട്ടില്ലെന്നാണ് ജില്ലാ ഭരണ കൂടം അറിയിച്ചിരിക്കുന്നത്.

‘ദാബ്ജി’ എന്നറിയപ്പെടുന്ന ദേവ് പ്രഭാകര്‍ ശാസ്ത്രിയെന്ന ആത്മീയ നേതാവാണ് കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ദല്‍ഹിയില്‍ കഴിയുകയായിരുന്ന ഇയാളെ അഷുതോഷ് റാണയും മധ്യപ്രദേശ് മുന്‍ മന്ത്രി സഞ്ജയ് പതക്കുമാണ് നില മോശമായതിനെ തുടര്‍ന്ന്  സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടു വന്നത്.

‘ആരുംതന്നെ ഒരു നിര്‍ദേശവും ലംഘിച്ചിട്ടില്ല. സാമൂഹിക അകലം പാലിച്ചാണ് ആളുകള്‍ പങ്കെടുത്തത്,’ ജില്ലാ കളക്ടര്‍ ശശിഭൂഷന്‍ സിങ് പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിട്ടുണ്ട്.

മധ്യപ്രേദശില്‍ ഇതുവരെ 4,977 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 248 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more