പാരീസ്: യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് വോട്ടെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടിയുടെ വിജയത്തിനെതിരെ ഫ്രാന്‍സിലുടനീളം ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. സി.ജി.ടി, യു.എന്‍.ഇ.എഫ് തുടങ്ങിയ ഫ്രാന്‍സിലെ ട്രേഡ് യൂണിയനുകളുകളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. നിരവധി രാഷ്ട്രീയക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
മറൈന്‍ ലെ പെന്നിന്റെ ആര്‍.എന്‍ പാര്‍ട്ടി ഞായറാഴ്ച തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി. 32% വോട്ട് നേടിയാണ് മറൈന്‍ വിജയിച്ചത്.
അതേസമയം, മാക്രോണിന്റെ നവോത്ഥാന പാര്‍ട്ടി 14.6% വോട്ട് മാത്രമാണ് നേടിയത്. തുടര്‍ന്ന് നാഷണല്‍ അസംബ്ലി പിരിച്ചുവിടുമെന്ന പ്രഖ്യാപനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി.
ആയിരക്കണക്കിന് പ്രകടനക്കാര്‍ ഗ്രീസിന്റെ ആസ്ഥാനത്തേക്ക് പുറപ്പെടുകയും, ഇടതുപക്ഷ പാര്‍ട്ടികള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ധാരണയിലെത്താന്‍ യോഗം ചേരുകയും ചെയ്തു.
പാരീസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കില്‍ രാത്രി 8 മണിയോടെ 3000 പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായി പാരീസ് പൊലീസ് അറിയിച്ചു.
‘മൂന്നാഴ്ചയ്ക്കുള്ളില്‍ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ഉണ്ടാകുമെന്നത് എന്നെ ഭയപ്പെടുത്തുന്നു,’ 24 കാരിയായ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ‘ഞങ്ങള്‍ വന്നത് ഫാസിസത്തിനെതിരെ അണിനിരക്കാനാണ്, തീവ്ര വലതു പക്ഷത്തോട് ഞങ്ങള്‍ക്ക് വെറുപ്പാണ്,’ മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു.