മുംബൈ: ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങി. ബാന്ദ്രയിലെ തെരുവിലാണ് സംഭവം. സ്വദേശത്തേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധിച്ചത്. കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം മറികടന്നായിരുന്നു തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചത്.
ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ട് സമീപത്തെ ചേരിയിലെ ആളുകളും സംഘത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിരിഞ്ഞുപോകണമെന്ന് പൊലീസ് അവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ ഇത് കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തി വീശി.
പ്രധാനമന്ത്രി ലോക്ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരന്നതെന്നാണ് വിവരം. രാജ്യത്ത് മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.