ഭാരം കുറക്കാനുള്ള ശ്രമത്തിനിടെ അവൾ മരിക്കുമോയെന്ന് ഞാൻ ഭയപ്പെട്ടു: വിനേഷ് ഫോഗട്ടിന്റെ പരിശീലകൻ
national news
ഭാരം കുറക്കാനുള്ള ശ്രമത്തിനിടെ അവൾ മരിക്കുമോയെന്ന് ഞാൻ ഭയപ്പെട്ടു: വിനേഷ് ഫോഗട്ടിന്റെ പരിശീലകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th August 2024, 6:33 pm

ന്യൂദൽഹി: 2024ലെ പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഫൈനലിൻ്റെ തലേദിവസം വിനേഷ് ഫോഗട്ടിന്റെ ഭാരം കുറയ്ക്കാൻ താനും മറ്റെല്ലാവരും സാധ്യമായതെല്ലാം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പരിശീലകൻ വോളർ അക്കോസ്. ഭാരം കുറയ്ക്കാനായി നടത്തിയ അതി തീവ്രമായ പരിശീലനത്തിൽ വിനേഷിന്റെ ജീവൻ അപകടത്തിലാകുമോയെന്ന് താൻ താൻ ഭയപ്പെട്ടിരുന്നുവെന്ന് പരിശീലകൻ വോളർ അക്കോസ് വെളിപ്പെടുത്തി.

മുൻ സ്വർണ മെഡൽ ജേതാവും നാല് തവണ ലോകചാമ്പ്യനുമായ ജപ്പാൻ്റെ യുയി സുസാക്കിയെ വിനേഷ് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയിരുന്നു. ഉക്രൈന്റെ ഒക്സാന ലിവാച്ചിനെ സെമിയിൽ തോൽപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച വിനേഷ് വെള്ളിമെഡൽ ഉറപ്പിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ പിറ്റേദിവസം ഭാരപരിശോധനയിൽ അവൾ അയോഗ്യയാവുകയായിരുന്നു.

അയോഗ്യമാക്കിയതിന് പിന്നാലെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി. ഉഷ വിനേഷിനെയും പരിശീലകനെയും വിമർശിച്ചിരുന്നു. ഭാരം കൂടിയതിന്റെ പൂർണ ഉത്തരവാദിത്തം വിനേഷിനും പരിശീലകനുമാണെന്ന് പി.ടി. ഉഷ പറയുകയായിരുന്നു. എന്നാൽ തങ്ങൾ പരമാവധി ശ്രമിച്ചു എന്ന് വിനേഷിന്റെ പരിശീലകൻ പറഞ്ഞു.

‘സെമി ഫൈനലിന് ശേഷം വിനേഷിന് 2.7 കിലോ അധിക ഭാരം ഉണ്ടായിരുന്നു. ഞങ്ങൾ ഒരു മണിക്കൂറും ഇരുപത് മിനിറ്റും വ്യായാമം ചെയ്തു. പക്ഷേ 1.5 കിലോ അപ്പോഴും അവശേഷിച്ചിരുന്നു. പിന്നീട്, അർദ്ധരാത്രി മുതൽ പുലർച്ചെ 5:30 വരെ, അവൾ വ്യത്യസ്ത കാർഡിയോ മെഷീനുകളിൽ പരിശീലനവും മറ്റ് വ്യായാമങ്ങളും ചെയ്തിരുന്നു.

ഏകദേശം മുക്കാൽ മണിക്കൂർ നിർത്താതെ അവൾ പരിശീലനം നടത്തി. രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് വിശ്രമിച്ചത്. പിന്നെ അവൾ വീണ്ടും തുടങ്ങി. ഒടുവിൽ കുഴഞ്ഞുവീണു, പിന്നീട് അവൾ ഒരു മണിക്കൂർ സ്റ്റീം ബാത്തിലും ചെലവഴിച്ചു. ഞാൻ മനഃപൂർവം നാടകീയമായ വിശദാംശങ്ങൾ എഴുതുന്നില്ല. പക്ഷേ അവൾ മരിച്ച് പോകുമോയെന്ന് ഞാൻ ഭയന്നിരുന്നു ,’ അക്കോസ് എഴുതി.

വിനേഷ് ഫോഗട്ട് ഒരു ഒളിമ്പിക് മെഡലിന് എത്രമാത്രം വില കല്പിക്കുന്നു എന്നത് വ്യക്തമാക്കാൻ കഴിഞ്ഞ വർഷം ഗുസ്തി ഫെഡറേഷനെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ചും പരിശീലകൻ പറഞ്ഞു.

ഒളിമ്പിക് മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും ഒപ്പം വിനേഷും മെഡലുകൾ ഹരിദ്വാറിലെ ഗംഗയിൽ നിമഞ്ജനം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ കഷ്ടപ്പെട്ട് നേടിയ ഒളിമ്പിക്‌സ് മെഡലുകൾ നദിയിൽ ഉപേക്ഷിക്കരുതെന്ന് വിനേഷ് സാക്ഷിയോടും ബജ്‌റംഗിനോടും അപേക്ഷിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Content Highlight: Thought she might die, says Vinesh Phogat coach on weight-cut before final