| Thursday, 1st August 2019, 11:39 am

വനമേഖലയ്ക്ക് ഭീഷണിയായി തോട്ടപ്പയറുകള്‍ പടരുന്നു; ഒരു പ്രദേശത്തെ സസ്യങ്ങളെ മുഴുവന്‍ നശിക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റബ്ബര്‍ തോട്ടങ്ങളുടെ സംരക്ഷണത്തിനായി ഇടവിളയെന്ന നിലയില്‍ കേരളത്തിലെ തോട്ടങ്ങളിലേക്കെത്തിയ വിളയാണ് തോട്ടപ്പയര്‍. തണലില്‍പ്പോലും നന്നായി വളരും. വേല്‍ക്കാലത്ത് ഉണങ്ങിപ്പോകില്ല. കന്നുകാലികള്‍ ഇവ തിന്നാറില്ലെന്നതും ഇടവിളയെന്ന നിലയില്‍ തോട്ടപ്പയറിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. എന്നാല്‍ ഇന്ന് തദ്ദേശീയ വിളകളെ പോലും ഇല്ലാതാക്കുന്ന തരത്തില്‍ വനമേഖലയിലടക്കം ഇവ വ്യാപിച്ചിരിക്കുകയാണ്.

റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി വലിയ തോതില്‍ ഉപയോഗിക്കുന്ന ‘മുകുന ബ്രാക്ടിയറ്റ’, ‘പ്യൂറാറിയ ഫേസിയോലോയ്ഡസ്’ എന്നീ ഇനങ്ങളിലുള്ള തോട്ടപ്പയറുകളാണ് പടര്‍ന്നുപിടിക്കുന്നത്. തൃശൂര്‍ പീച്ചിയിലെ കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ തോട്ടപ്പയര്‍ ഇനങ്ങളെ കേരളത്തിലെ പത്ത് അപകടകാരികളായ അധിനിവേശ സസ്യങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിരുന്നു.

അടുത്തകാലം വരെ നിയന്ത്രിതമായിരുന്നു ഇവയുടെ വളര്‍ച്ച. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിലെ മലയിടിച്ചിലിന്റെയും ഒഴുക്കിന്റെയും ഭാഗമായി സംരക്ഷിത വനമേഖലകളില്‍ വരെ ഇവ വ്യാപിക്കാന്‍ തുടങ്ങി. ദേശീയ പാതയോരത്തും റെയില്‍വേ ട്രാക്കുകളുടെ സമീപത്തുമൊക്കെ ഇന്ന് ഇവ കണ്ടു തുടങ്ങിയിട്ടുണ്ട്.

താമരശേരി ചുരത്തിന്റെ അടിവാരത്ത് വലിയ തോതില്‍ ഇവ വ്യാപിച്ചിട്ടുണ്ട്. ഏക്കര്‍കണക്കിന് ഭൂമിയില്‍ റബര്‍ കൃഷി ചെയ്തിരുന്ന കിനാലൂരിലെ എസ്റ്റേറ്റുകളില്‍ ഇപ്പോള്‍ കൃഷി കുറഞ്ഞെങ്കിലും തോട്ടപ്പയര്‍ അവിടെ തന്നെയുണ്ട്.

ലാറ്റിനമേരിക്കയാണ് തോട്ടപ്പയറുകളുടെ ജന്മനാട്. ത്രിപുരയില്‍ നിന്നാണ് ഇവ കേരളത്തിലെത്തിയത്. പിന്നീട്, മലേഷ്യയിലെ എണ്ണപ്പനതോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ കേരളത്തില്‍ നിന്ന് കയറ്റിയയച്ചിരുന്നു. കൃഷി ഭൂമിയില്‍ നൈട്രജന്‍ സമൃദ്ധിക്കായും മണ്ണൊലിപ്പും മറ്റ് കളകളും തടയാനായുമാണ് തോട്ടപ്പയറുകള്‍ ഉപയോഗിച്ചിരുന്നത്. റബ്ബര്‍ കൃഷി സംരക്ഷിക്കും എന്ന നിലയില്‍ റബ്ബര്‍ ബോര്‍ഡും തോട്ടപ്പയര്‍ കൃഷി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വനമേഖലയിലേക്കടക്കം ഇവ വ്യാപിച്ചത് മറ്റ് സസ്യങ്ങളുടെ നിലനില്‍പ്പിന് വന്‍ഭീഷണിയാണെന്ന് കെ.എഫ്.ആര്‍.ഐയിലെ ഫോറസ്റ്റ് എന്റമോളജി വകുപ്പിലെ ശാസ്ത്രജ്ഞനായ ഡോ.ടി.വി സജീവ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

‘റബ്ബര്‍ തോട്ടങ്ങളില്‍ നിന്നും പുറത്തുകടന്ന് മറ്റുപല സ്ഥലങ്ങളിലും ഇവ വ്യാപിച്ചു പോയിരിക്കുകയാണ്. വനമേഖലയിലാണ് ഇത് ഏറ്റവും പ്രശ്‌നമാകുന്നത്. കൃഷിഭൂമിയിലാണെങ്കില്‍ കര്‍ഷകര്‍ അതിനെ നശിപ്പിക്കും. എന്നാല്‍ കാട്ടിലാകുമ്പോള്‍ അത് ഇവ നശിപ്പിക്കപ്പെടാനുള്ള സാധ്യത കുറവാണ്. ഇവ പടര്‍ന്ന് പന്തലിച്ച് വലിയ മരങ്ങളെ വരെ പൂര്‍ണമായി മൂടിക്കളയുകയും കാലക്രമേണ ആ മരങ്ങള്‍ നശിക്കുകയും ചെയ്യും. കുറച്ചുകാലം കഴിയുമ്പോള്‍ ഇവ പടര്‍ന്ന പ്രദേശത്തെ മറ്റു മരങ്ങളെല്ലാം നശിച്ച് തോട്ടപ്പയര്‍മാത്രം ബാക്കിയാകുന്ന അവസ്ഥയുണ്ടാവും. മറ്റ് സസ്യങ്ങള്‍ക്ക് അവിടെ വളരാന്‍ പറ്റാത്ത അവസ്ഥയാവും.’ അദ്ദേഹം പറഞ്ഞു.

റബര്‍ കൃഷിയുടെ വരുമാന സാധ്യത കുറഞ്ഞതും തോട്ടപ്പയറുകള്‍ വ്യാപിക്കാന്‍ കാരണമാണെന്ന് സജീവ് പറയുന്നു. റബര്‍ വില ഇടിഞ്ഞപ്പോള്‍ തോട്ടങ്ങളില്‍ റബര്‍ വെട്ടാനായി ആരും പോകാതായി. പല തോട്ടങ്ങളും ഉപേക്ഷിക്കപ്പെട്ടെന്നും ഇത് തോട്ടപ്പയര്‍ വ്യാപനത്തിന് ഇടയാക്കിയെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഈ പയറുവര്‍ഗങ്ങള്‍ കാരണം കൃഷി നശിക്കുന്നുവെന്ന് കര്‍ഷകര്‍ക്കിടയില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്ന പുല്ലുവര്‍ഗങ്ങള്‍, കമ്മ്യൂണിസ്റ്റ് പച്ച, കുറുന്തോട്ടി, താള് തുടങ്ങിയവ വലിയ തോതില്‍ അപ്രത്യക്ഷമാകാന്‍ ഇത് കാരണമായിട്ടുണ്ട്.

തോട്ടപ്പയര്‍ സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ട് അവരുടെ വ്യാപനം തടയാന്‍ കെ.എഫ്.ആര്‍.ഐ പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്. തോട്ടപ്പയറിനെ നശിപ്പിക്കുമ്പോള്‍ പകരം എന്ത് വെച്ചുപിടിപ്പിക്കമെന്ന കൃത്യമായ പദ്ധതി വേണം. ഇത് നീക്കിയ സ്ഥലത്ത് ഉടന്‍ തദ്ദേശീയ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും പ്രോട്ടോകോളില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more