|

മഴയും കായലും കൂടെ വിനായകനും; തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം 'മീനേ ചെമ്പുള്ളി മീനേ' ഫഹദ് ഫാസില്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വിനായകനെ കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് ബാപ്പൂട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ഫഹദ് ഫാസിലാണ് വീഡിയോ റിലീസ് ചെയ്തത്.

നിഖില്‍ മാത്യു ആലപിച്ച ഗാനത്തിന്റെ വരികള്‍ പി.എസ് റഫീഖിന്റേതാണ്. ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം.പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് തൊട്ടപ്പന്‍ ഒരുങ്ങുന്നത്.

പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. നേരത്തെ ഇറങ്ങിയ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഹിറ്റായിരുന്നു.

ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

വിനായകന്റെ അഭിനയ മികവ് തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഏറെ നിരൂപകശ്രദ്ധ നേടിയ കിസ്മത്തിന്റെ സംവിധായകനാണ് ഷാനവാസ് കെ. ബാവക്കുട്ടി.