| Thursday, 6th June 2019, 12:08 pm

തൊട്ടപ്പനും പുത്രിയ്ക്കും പരിശുദ്ധാത്മാവിനും സ്തുതി

മനില സി. മോഹൻ

മനസ്സില്‍ കാറ്റ് പിടിച്ച മനുഷ്യരുടെ തുരുത്താണ് തൊട്ടപ്പന്റെ സ്ഥലം. അത് മനുഷ്യര്‍ കൂട്ടമായി ജീവിക്കുന്ന എവിടെയുമാവാം. കാലവും ഏതുമാവാം. മനുഷ്യബന്ധങ്ങള്‍ക്ക് അതിര് നിശ്ചയിച്ചു കൊണ്ട് മനുഷ്യര്‍ വരച്ചു വെച്ചിട്ടുള്ള നിയമങ്ങളില്‍ ഒതുങ്ങില്ല ആ തുരുത്തിലെ ആ കാലത്തിലെ ആ മനുഷ്യരുടെ ബന്ധങ്ങള്‍.

ഷാനവാസിന്റയും പി.എസ്. റഫീഖിന്റെയും തൊട്ടപ്പനും സാറക്കൊച്ചും ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പനും സാറക്കൊച്ചുമല്ല. അവര്‍ക്കിടയില്‍ കഥയുടേയും സിനിമയുടേയും രണ്ട് ഗ്രഹങ്ങള്‍ക്കിടയിലെ കലഹത്തിനിടമില്ലാത്ത ചന്തമുള്ള ദൂരമുണ്ട്. ദൂരത്തിന് നല്ല ചന്തമുണ്ട്.

വെള്ളത്തിനടിയില്‍ ഒന്നിച്ച് ശ്വാസം പിടിച്ച് കിടക്കുമ്പോള്‍ എന്റെ കൊച്ചിന്റെ തലതൊട്ടപ്പനാവാന്‍ നിനക്ക് പറ്റുമെന്ന് എനിക്ക് മനസ്സിലാവുന്ന ആ മനസ്സിലാവലിനെയാണ് മലയാളത്തില്‍ സ്‌നേഹമെന്ന വാക്കുവെച്ച് പണിതിരിക്കുന്നത്. സൗഹൃദമെന്ന വാക്ക് വെച്ചും.
ചെറിയ ചെറിയ ജസ്റ്ററുകള്‍, തൊടലുകള്‍, ഒത്തിരിക്കലുകള്‍, യാത്രകള്‍. അവയില്‍ നിന്ന് പിടിച്ചെടുക്കാനാവും ആദിയും മധ്യവും അന്തവുമില്ലാത്ത സ്‌നേഹത്തിന്റെ വിനിമയങ്ങള്‍.

ബയോളജിക്കല്‍ പിതാവല്ല ബിബ്ലിക്കല്‍ തൊട്ടപ്പന്‍. ബിബ്ലിക്കല്‍ പുത്രനല്ല തൊട്ടപ്പനിലെ സാറ. പക്ഷേ നിലാവുള്ള രാത്രിയില്‍ തൊട്ടപ്പനും സാറയും തുരുത്തിലെ ജലത്തിനുമീതെ വഞ്ചി തുഴയുമ്പോള്‍ ഇരുവരും ചേര്‍ന്നൊരു പരിശുദ്ധാത്മാവായി മാറുന്നുണ്ട്.
എത്ര ശ്രമിച്ചാലും മക്കള്‍ക്ക് അപ്പനാവാന്‍ പറ്റാത്തവരുണ്ട് ഭൂമിയില്‍. അമ്മയാവാന്‍ പറ്റാത്തവരുമുണ്ട് ഭൂമിയില്‍. തന്ത ചമയാന്‍ പറ്റുന്നവരുമുണ്ട്. അപ്പനും അമ്മയും ആശയങ്ങളാവുകില്‍ അവയുടെ പരമ്പരാഗതമല്ലാത്ത, അധികാര നിയന്ത്രണങ്ങളില്ലാത്ത പ്രകാശനങ്ങളുണ്ട് തൊട്ടപ്പനില്‍.

തൊട്ടപ്പന്‍ രണ്ട് മനുഷ്യര്‍ തമ്മിലുള്ള അപാരമായ സ്‌നേഹത്തിന്റെ കഥയാണ്. അതിലൊരാള്‍ ബയോളജിക്കലി പുരുഷനാണ്. മറ്റൊരാള്‍ ബയോളജിക്കലി സ്ത്രീയാണ്. അവളയാളെ തൊട്ടപ്പനെന്ന് വിളിക്കും. അയാളുടെ ബീജമല്ല അവള്‍. മരിച്ചു കിടക്കുന്ന അപ്പന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ഒരു മകള്‍ക്ക് അവരുടെ ജീവിച്ച കാലം മുഴുവന്‍ ആ മുഖത്ത് സിനിമ പോലെ കാണാന്‍ പറ്റുന്നുണ്ടാവണം. സാറ, മരിച്ച തൊട്ടപ്പന്റെ മുഖത്ത് സിനിമ കാണുന്നുണ്ട്.

തൊട്ടപ്പന്‍ എന്ന കഥയാണ് അടിസ്ഥാനമെങ്കിലും സിനിമ മറ്റൊരു മാധ്യമത്തിലെ തീര്‍ത്തും സ്വതന്ത്രമായ ആവിഷ്‌കാരമാണ്. പശ്ചാത്തലവും കഥാപാത്രങ്ങളും മാത്രമല്ല ആശയം തന്നെ മറ്റൊന്നാണ്.

പണവും നിറവും നല്ല ഉടുപ്പും പഠിപ്പും ഇല്ലാത്ത മനുഷ്യരുടെ ലോകമാണ് ലോകത്തെവിടേയുമുള്ള ആ തുരുത്ത്. അവിടെ അവര്‍ ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ കള്ളന്‍മാരാണ്. അവരുടെ അംബിഷന്‍, മനുഷ്യന്‍മാരെപ്പോലെ ഞങ്ങളേയും പരിഗണിക്കുന്ന ഒരു ജീവിതസാഹചര്യം മാത്രമാണ്. ആ തുരുത്തില്‍ തുരുത്തും മനുഷ്യരും മനുഷ്യരുടെ സൗഹൃദവും പ്രണയവും കാമവും ദേഷ്യവും ചതിയും ശത്രുതയും ക്രൂരതയും കൊലയുമാണുള്ളത്. കുലമഹിമയും പാരമ്പര്യവും ഉടല്‍ച്ചന്ത ആഘോഷങ്ങളുമില്ല.

ആര്‍ത്തവത്തിന്റെ വയറുവേദനയെടുത്ത് ഒന്ന് കുളിമുറിയില്‍ പോണമെന്ന് പറയുന്ന പണിക്കാരിയായ സാറയോട് കുളിമുറി പുറത്തില്ല അകത്തേയുള്ളൂ എന്ന് പറയുന്ന മോളി ടീച്ചറുടെ വാതിലടയ്ക്കലിലുണ്ട് സമകാലീന രാഷ്ട്രീയത്തിന്റെ അടിവേരുകള്‍.

തൊട്ടപ്പന്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സിനിമയും രാഷ്ട്രീയവുമാണ്.

സംവിധാനം: ഷാനവാസ് കെ. ബാവക്കുട്ടി
തിരക്കഥ: പി.എസ് റഫീഖ്
നിര്‍മാണം: ദേവദാസ് കാടഞ്ചേരി, ഷൈലജ മണികണ്ഠന്‍
അഭിനേതാക്കള്‍: വിനായകന്‍, പ്രിയംവദ, മനോജ് കെ. ജയന്‍, റോഷന്‍ മാത്യു, മഞ്ജു സുനിച്ചന്‍, ദിലീഷ് പോത്തന്‍, ലാല്‍, ബിനോയ് നമ്പാല, മനു ജോസ്
സംഗീതം: ലീല എല്‍, ഗിരീഷ് കുട്ടന്‍
ഗാനരചന: അന്‍വര്‍ അലി, അജീഷ് ദാസന്‍, പി.എസ് റഫീഖ്
പശ്ചാത്തലസംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്
ഛായാഗ്രഹണം: സുരേഷ് രാജന്‍
എഡിറ്റിങ്: ജിതിന്‍ മനോഹര്‍

മനില സി. മോഹൻ

ഡൂള്‍ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍, മാതൃഭൂമി ആഴ്ചപതിപ്പ്, കൈരളി ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more