ഇസ്‌ലാമാബാദ്: തോഷഖാന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവ്. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. ഇസ്‌ലാമാബാദ് വിചാരണകോടതിയുടേതാണ് വിധി. സമാന്‍ പാര്‍ക്ക് ഹൗസില്‍ നിന്നുമാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു.
തോഷഖാന കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് ഇസ്‌ലാമാബാദ് വിചാരണകോടതി കണ്ടെത്തിയതായി പാകിസ്ഥാനി പത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്നും കോടതി അറിയിച്ചു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിനായി ഇസ്‌ലാമാബാദ് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇമ്രാന്‍ ഖാനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി അഡിഷണല്‍ ഡിസ്ട്രിക്‌സ്റ്റ് ആന്‍ഡ് സെഷന്‍ ജഡ്ജ് ഹുമയുന്‍ ദിലാവര്‍ പറഞ്ഞു. ‘പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഇമ്രാന്‍ ഖാന്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചു, കുറ്റക്കാരനാണെന്ന് കണ്ടെത്തി,’ അദ്ദേഹം പറഞ്ഞു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിനും അയോഗ്യനാക്കുന്നതിനുമായി നിയമത്തെ ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് പി.ടി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനാല്‍ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന് മത്സരിക്കാന്‍ സാധിക്കില്ലെന്ന് നിയമവിദഗ്ധര്‍ അറിയിച്ചു.