നാല് കെട്ടി 40 കുട്ടികളെ ഉണ്ടാക്കുന്നവരാണ് ജനസംഖ്യ കൂട്ടുന്നത് : വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്
Daily News
നാല് കെട്ടി 40 കുട്ടികളെ ഉണ്ടാക്കുന്നവരാണ് ജനസംഖ്യ കൂട്ടുന്നത് : വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2017, 1:09 pm

sakshi89

മീററ്റ്: ജാതിയുടേയോ മതത്തിന്റേയോ പേരുപറഞ്ഞ് വോട്ട് പിടിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ ജാതീയ അതിക്ഷേപവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.

ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിന് കാരണം ഹിന്ദുക്കളല്ലെന്ന് ചിലര്‍ പെറ്റുകൂട്ടുന്നതുകൊണ്ടാണ് ഇവിടെ ജനസംഖ്യ കുതിച്ചുയരുന്നതുമെന്നാണ് സാക്ഷിയുടെ പരാമര്‍ശം. യു.പിയിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ സംസാരിക്കുകയായിരുന്നു സാക്ഷി.

ഇന്ത്യയില്‍ ജനസംഖ്യ ഇങ്ങനെ കുതിച്ചുയരാന്‍ കാരണം ഹിന്ദുക്കളല്ല. നാല് ഭാര്യമാര്‍ വേണമെന്നും നാല്‍പ്പത് കുട്ടികള്‍ വേണമെന്നും നിലപാടെടുക്കുന്നവരാണ് ഈ ജനസംഖ്യാവര്‍ധനവിന് പിന്നില്‍. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

അതേസമയം പ്രസ്താവന വിവാദമായതോടെ താന്‍ ജാതിയോ മതമോ പറഞ്ഞ് വോട്് തേടിയിട്ടില്ലെന്ന വിശദീകരണവുമായി സാക്ഷി രംഗത്തെത്തി. താന്‍ സംസാരിച്ചത് സന്യാസിമാരുടെ ഇടയിലാണ്. അവിടെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. എന്റെ സംസാരത്തിനിടെ താന്‍ വോട്ട് ആവശ്യപ്പെട്ടിട്ടുമില്ല- സാക്ഷി പറയുന്നു.


അതേസമയം സാക്ഷി മഹാരാജിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

സാക്ഷി മഹാരാജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നും ബി.ജെ.പി ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കാന്‍ പോകുകയെന്ന് കാണാമെന്നും ജെ.ഡി.യു നേതാവ് പവന്‍ വര്‍മ പറഞ്ഞു.

യു.പിയില്‍ ആളുകള്‍ക്കിടയില്‍ ധ്രൂവീകരണം നടത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും മതസൗഹാര്‍ദ്ദം തകര്‍ത്ത് വോട്ട് നേടാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ പ്രതികരിച്ചു. ബി.ജെ.പി എം.പിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

അതേസമയം ഇത് ബി.ജെ.പിയുടെ നിലപാടല്ലെന്നും സാക്ഷി മഹാരാജ് സ്വന്തം അഭിപ്രായം പറഞ്ഞതാണെന്നുമാണ് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയുടെ പ്രതികരണം.