| Tuesday, 27th August 2024, 8:12 am

ഭാരതത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ശ്രീകൃഷ്ണനും രാമനും ജയ് പറയണം: മധ്യപ്രദേശ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹമുള്ളവർ ഹിന്ദു ദൈവങ്ങളായ രാമനെയും ശ്രീകൃഷ്‌ണനെയും വാഴ്ത്തേണ്ടി വരുമെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പൗരന്മാർക്ക് അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്നും എന്നാൽ ഇന്ത്യ എന്ന രാജ്യം അതിന്റെ പൂർണതയിൽ ഉൾക്കൊള്ളുന്നവർക്കേ രാജ്യസസ്നേഹം ഉള്ളവരാകാൻ സാധിക്കൂ എന്നും അദ്ദേഹം വാദിച്ചു.

അശോക് നഗർ ജില്ലയിലെ ചന്ദേരി ടൗണിൽ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു യാദവ്. രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലിങ്ങളേയും വേർതിരിക്കുന്നില്ലെന്നും എന്നാൽ ദൈവത്തെക്കുറിച്ചും അതിൻ്റെ സൃഷ്ടിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും മനസിലാക്കുന്ന ആളുകളെ ആവശ്യമാണെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. ഹിന്ദു ദേവതകളെ ആരാധിച്ച മധ്യകാല മുസ്‌ലിം കവികളായ റഹീമും റസ്‌ഖാനും ജനിച്ചത് എവിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ഭാരതമണ്ണിനോട് നമ്മുടെ ആത്മാവിനെ ചേർത്ത് നിർത്തിയാൽ നമുക്ക് റഹീമിനെയും റാസ്ഖാനെയും ഓർമിക്കാൻ സാധിക്കും അവരെ മനസിലാക്കാൻ സാധിക്കും. എന്നാൽ സൂക്ഷിക്കുക, ഭാരതനിൽ നിന്ന് ഭക്ഷിച്ച് മറ്റാരെയോ ആരാധിക്കുന്നവർക്ക് അത് മനസ്സിലാവുകയില്ല. നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നിങ്ങൾ ഭഗവൻ കൃഷ്ണനും രാമനും ജയ് പറഞ്ഞെ മതിയാവൂ. ഞങ്ങൾ രാജ്യത്തുള്ള ആരെയും അപമാനിക്കുകയല്ല. എല്ലാവരെയും ബഹുമാനിക്കുന്നുണ്ട്,’ യാദവ് പറഞ്ഞു.

ചന്ദേരിയിലെ ഹാൻഡ്‌ലൂം പാർക്കിൽ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ചാണ് ജോലി ചെയ്യുന്നതെന്നും സാരി നെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹാൻഡ്‌ലൂം പാർക്കിൽ ജോലി ചെയ്യുന്ന ഇരു സമുദായങ്ങളിലെയും തൊഴിലാളികൾക്കായി കൈയടിക്കാൻ അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തവരോട് പറഞ്ഞു.

അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് മുന്നോട്ടെത്തിയിട്ടുണ്ട്. ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും സത്ത സ്‌നേഹമാണെന്ന് ബി.ജെ.പി നേതാക്കൾ അത് മനസ്സിലാക്കണമെന്ന് കോൺഗ്രസ് നേതാവ് കുനാൽ ചൗധരി പ്രതികരിച്ചു.

‘രാമൻ്റെയും കൃഷ്ണൻ്റെയും സാരാംശം സ്നേഹമാണെന്ന് മുഖ്യമന്ത്രിയും ബി.ജെ.പി നേതാക്കളും ആദ്യം മനസിലാക്കണം . ഇവിടെ ജാതിയോ മതമോ വിഭാഗമോ തമ്മിൽ സംഘർഷമുണ്ടായിരുന്നില്ല. ഒരു പോരാട്ടമുണ്ടായാൽ അത് മനുഷ്യത്വത്തെ നശിപ്പിച്ചവർക്കെതിരെയാണ് ഉണ്ടാവുക. രാവണ നിഗ്രഹമാണെങ്കിലും കംസ നിഗ്രഹമാണെങ്കിലും തിന്മക്കെതിരായ നന്മയുടെ വിജയമാണ് അവിടെ ഉണ്ടായത്.

പരിധിക്കുള്ളിൽ ജീവിതം നയിക്കാൻ പഠിപ്പിക്കുന്ന രാമൻ്റെ സത്തയും, ദ്വാരകയുടെ നാഥനായിരുന്നിട്ടും സുദാമനോട് അടുത്ത സൗഹൃദം പുലർത്തിയ കൃഷ്ണൻ്റെ സത്തയും വിശദീകരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കണം. ഈ വികാരമാണ് മനസിലാക്കേണ്ടത്. പരസ്പര സ്നേഹവും സഹോദര്യവുമാണ് താങ്കൾ മനസിലാക്കേണ്ടത്,’ ചൗധരി പറഞ്ഞു.

Content Highlight: Those who want to live in Bharat will have to say ‘jai’ for Lords Krishna and Ram: MP CM

Latest Stories

We use cookies to give you the best possible experience. Learn more