ഉന്നാവോ: രാജ്യത്ത് ശരിഅത്ത് നിയമം കൊണ്ടുവരണമെന്ന അഭിപ്രായമുള്ളവര്‍ പാകിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളൂവെന്ന് ബി.ജെ.പി. എം.പി സാക്ഷി മഹാരാജ്. മുസ്‌ലിം സമുദായത്തിനകത്തെ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാനായി ശരിഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്ന ചില സംഘടനകളുടെ അഭിപ്രായത്തോടു പ്രതികരിക്കവേയാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന.
“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ ഭരണഘടന വളരെ ശക്തമാണ്. ഇവിടെ ശരിഅത്ത് കൊണ്ടുവരണമെന്നു വാദിക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകുന്നതാണ് നല്ലത്. ഇന്ത്യയുടെ ഭരണപരമായ കാര്യങ്ങള്‍ ഭരണഘടന അനുശാസിക്കുന്നതു പോലെയാണ് നടക്കുക, അല്ലാതെ ശരിഅത്ത് അനുസരിച്ചല്ല.” മഹാരാജ് മാധ്യമങ്ങളോടു പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് ഇവിടെ താമസിക്കാന്‍ യാതൊരു അധികാരവുമില്ല. അവരെ യാത്ര പറഞ്ഞ് അയയ്ക്കുന്നതില്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷമേയുള്ളൂ, സാക്ഷി മഹാരാജ് പറയുന്നു.
ഇതാദ്യമായല്ല മഹാരാജ് വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തയിലിടം നേടുന്നത്. നാലു ഭാര്യമാരെയും നാല്പതു കുട്ടികളെയും കുറിച്ചു സംസാരിക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിനു മൂലകാരണമെന്നായിരുന്നു അദ്ദേഹം ഇതിനു മുന്‍പ് നടത്തിയ പരാമര്‍ശങ്ങളിലൊന്ന്. ഹിന്ദുക്കളല്ല ഇന്ത്യയെ ജനപ്പെരുപ്പത്തിലേക്കു നയിക്കുന്നതെന്നും, മറ്റു ചില സമുദായങ്ങളാണ് അതിനു പിന്നിലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ബലാത്സംഗക്കേസില്‍ കുറ്റംചാര്‍ത്തപ്പെട്ട് അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ പ്രതിരോധിച്ചു സംസാരിച്ചുകൊണ്ടും മഹാരാജ് വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. റാം റഹീം ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പരസ്യമായി സ്‌നേഹപ്രകടനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ജയിലിലടയ്ക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.