| Monday, 15th April 2019, 9:11 am

ബി.ജെ.പിയ്ക്ക് വോട്ട് കിട്ടാത്ത ഗ്രാമങ്ങളെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണിക്കില്ല: മനേകാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുല്‍ത്താന്‍പൂര്‍: തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൂടുതല്‍ വോട്ട് ഷെയര്‍ ഉണ്ടാകുന്ന മണ്ഡലങ്ങളിലുള്ളവര്‍ക്ക് ജോലിയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായി മനേകാ ഗാന്ധി. ഇതിനായി എ.ബി.സി.ഡി കാറ്റഗറി ഉണ്ടാക്കിയിട്ടുണ്ടെന്നും മനേകാ ഗാന്ധി പറഞ്ഞു.

ബി.ജെ.പിയ്ക്ക് 80 ശതമാനം വോട്ട് കിട്ടുന്ന സ്ഥലങ്ങളിലുള്ളവരെ എ കാറ്റഗറിയായും 60 ശതമാനം വോട്ട് കിട്ടുന്നവരെ ബി കാറ്റഗറിയായും പരിഗണിക്കും. മനേകാ ഗാന്ധി പരാജയപ്പെടുകയും 50 ശതമാനത്തില്‍ താഴെ മാത്രം വോട്ട് ലഭിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളെ സി കാറ്റഗറിയായും 30 ശതമാനത്തില്‍ താഴെ വോട്ട് ഷെയര്‍ ഉള്ള ഗ്രാമങ്ങളെ ഡി കാറ്റഗറിയായും കണക്കാക്കുമെന്നും മനേകാ ഗാന്ധി സുല്‍ത്താന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ഈ കാറ്റഗറി അനുസരിച്ചായിരിക്കും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും മനേക പറഞ്ഞു. പിലിഭട്ടില്‍ ഈ സംവിധാനപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ പറഞ്ഞു.

നേരത്തെ തനിക്കു വോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പറഞ്ഞിരുന്നു.

‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്‌ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്‌ലീം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? (ചിരിക്കുന്നു) . ‘ എന്നായിരുന്നു മനേകാ ഗാന്ധിയുടെ പ്രസ്താവന.

പിലിഭട്ടില്‍ നിന്നുള്ള എം.പിയായ മനേകാ ഗാന്ധി പത്തുദിവസം മുമ്പ് സുല്‍ത്താന്‍പൂര്‍ സീറ്റില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വരുണ്‍ ഗാന്ധിയുടേതാണ് നിലവില്‍ ഈ സീറ്റ്. എന്നാല്‍ ഇത്തവണ വരുണ്‍ പിലിഭട്ടിലേക്ക് മാറുകയായിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more